മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി യൂട്ട
Friday, March 24, 2017 5:58 AM IST
യൂട്ട (സാൾട്ട് ലേക്ക് സിറ്റി): മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്തസാന്പിളുകളിൽ മദ്യത്തിന്‍റെ അംശം .05ൽ കൂടുതൽ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നിയമനിർമാണത്തിൽ റിപ്പബ്ലിക്കൻ ഗവർണർ ഗാരിഹെർബർട്ട് മാർച്ച് 23ന് ഒപ്പുവച്ചു. ഇതോടെ അമേരിക്കയിൽ രക്തത്തിൽ മദ്യത്തിന്‍റെ അംശം ഏറ്റവും കുറവ് .05 ആയിരിക്കണമെന്ന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനമായി യുട്ട.

നിയമം പ്രാബല്യത്തിലാകുന്നതോടെ രക്തസാന്പിളിൽ നിശ്ചിത അളവിൽ കൂടുതൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാൽ ഡ്രൈവർമാരെ അറസ്റ്റു ചെയ്യുന്നതിനുള്ള വകുപ്പും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയമനിർമാണം യാതൊരു കാരണവശാലും ടൂറിസത്തെ ബാധിക്കുകയില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ബിഎസി (ബ്ലു ആൾക്കഹോൾ കണ്ടന്‍റ്) കുറവ് നിശ്ചയിച്ചത് മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനിടയാക്കുമെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ