എസ്ബി അലുംമ്നിയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിൻ കൊല്ലാപുരത്തിനും, ടെറിൽ വള്ളിക്കളത്തിനും
Sunday, March 26, 2017 11:55 PM IST
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള 2016-ലെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിൻ കൊല്ലാപുരവും, ടെറിൽ വള്ളിക്കളവും സ്വന്തമാക്കി.

മാർച്ച് 19-നു വൈകുന്നേരം ഏഴിനു മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്ന കുടുംബ സംഗമത്തിലാണ് അവാർഡ് ദാനം നടന്നത്.

ഹൈസ്കൂൾ തലത്തിൽ പഠനത്തിൽ മികവ് പുലർത്തുന്ന സംഘടനാംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണിത്. പുരസ്കാര നിർണ്ണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ ജിപിഎ, എസിറ്റി സ്കോറുകളും, പാഠ്യേതര വിഷയങ്ങളിലുള്ള മികവുകളുമാണ്.

സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന കോട്ടയം ദൈവശാസ്ത്ര സെമിനാരി പ്രൊഫസറായ റവ.ഡോ. ജോണ്‍ തോമസ്, റവ.ഫാ. മാത്യു ജോർജ്, റവ.ഫാ. ജോണ്‍ സാമുവേൽ എന്നീ മുന്നു വൈദീകരുടെ മഹനീയ സാന്നിധ്യം കൊണ്ടും വൈവിധ്യമാർന്ന പരിപാടികളാലും അവാർഡ് ദാന ചടങ്ങുകൾ പ്രൗഢഗംഭീരമായി.

||

ഗുഡ്വിൻ ഫ്രാൻസീസ്, ജസ്റ്റീന ഫ്രാൻസീസ്, ഗ്രേസ്ലിൻ ഫ്രാൻസീസ്, ജെസ്ലിൻ കൊല്ലാപുരം, ജിസ്സ ഒളശ, ജെന്നി വള്ളിക്കളം എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. വൈസ് പ്രസിഡന്‍റ് ഷാജി കൈലാത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി റവ.ഡോ. ജോണ്‍ തോമസ്, പ്രസിഡന്‍റ് ഷിബു അഗസ്റ്റിൻ, ഡോ. ഫിലിപ്പ് വെട്ടിക്കാട്ട്, ജോസഫ് നെല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു.

സമ്മേളന മധ്യേ പുരസ്കാരത്തിന് അർഹരായവരെ സദസിന് പരിചയപ്പെടുത്തിക്കൊണ്ട് പുരസ്കാര പ്രഖ്യാപനം നടത്തിയത് അസംപ്ഷൻ കോളജ് പൂർവ വിദ്യാർത്ഥികളായ ഷീബാ ഫ്രാൻസീസും, ജോളി കുഞ്ചെറിയയും ആയിരുന്നു. അവാർഡ് ജേതാക്കൾക്ക് സമ്മാനമായി നൽകിയത് മാത്യു വാച്ചാപറന്പിൽ സ്മാരക, റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ നാൽപ്പതാം പൗരോഹിത്യ ജൂബിലി സ്മാരക കാഷ് അവാർഡും പ്രശസ്തി ഫലകവും, പ്രശസ്തിപത്രവുമാണ്. മാത്യു വാച്ചാപറന്പിൽ അവാർഡ് കരസ്ഥമാക്കിയ ജോബിൻ കൊല്ലാപുരം മുഖ്യാതിഥി റവ.ഡോ. ജോണ്‍ തോമസിൽ നിന്നും, റവ.ഡോ. ജോർജ് മഠത്തിൽപ്പറന്പിൽ പൗരോഹിത്യ ജൂബിലി അവാർഡ് കരസ്ഥമാക്കിയ ടെറിൽ വള്ളിക്കളം എസ്ബി കോളജ് റിട്ട. പ്രഫ. ജോയി ജോസഫ് കാട്ടാംപള്ളിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.

അവാർഡിന് അർഹരായ ജോബിനും, ടെറിലും, ബിജി ആൻഡ് റെറ്റി, സണ്ണി ആൻഡ് ഡെസ്സി വള്ളിക്കളം എന്നീ അലുംമ്നി അംഗങ്ങളുടെ മക്കളാണ്.

അവാർഡ് നിർണയ സമിതിയിലെ പാനൽ ജഡ്ജസ് ആയി ഇത്തവണ പ്രവർത്തിച്ചത് ഷാജി കൈലാത്തും, ഷീബാ ഫ്രാൻസീസും, ജോളി കുഞ്ചെറിയയുമാണ്. ജസ്ലിൻ കൊല്ലാപുരം, ഗ്രേസ്ലിൻ ഫ്രാൻസീസ്, ജെന്നി വള്ളിക്കളം, ജിസ്സ ഒളശ എന്നീ കുട്ടികളുടെ സംഘനൃത്തവും, ഗുഡ്വിൻ ഫ്രാൻസീസ്, കൊച്ചുമോൾ നടയ്ക്കപ്പാടം, മനോജ് എന്നിവരുടെ ഗാനാലാപനംവും അലുംമ്നി അംഗങ്ങളുടെ സംഘഗാനവും സമ്മേളനത്തെ കൂടുതൽ നിറപ്പകിട്ടുള്ളതും ആസ്വാദ്യജനകവുമാക്കി.

സെക്രട്ടറി റെറ്റി കൊല്ലാപുരം നന്ദി പറഞ്ഞു. ജൂലി വള്ളിക്കളവും ഷെറിൽ വള്ളിക്കളവും അവതാരകരായിരുന്നു. ഷിബു അഗസ്റ്റിൻ, ആന്‍റണി ഫ്രാൻസീസ്, ഷാജി കൈലാത്ത്, റെറ്റി കൊല്ലാപുരം, മോനിച്ചൻ നടയ്ക്കപ്പാടം, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര, ബോബൻ കളത്തിൽ, ജോഷി വള്ളിക്കളം, ജിജി മാടപ്പാട്ട്, സണ്ണി വള്ളിക്കളം, സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡിന്നറോടുകൂടി വൈകിട്ട് 8.30-നു സമ്മേളനം സമാപിച്ചു. പി.ആർ.ഒ ആന്‍റണി ഫ്രാൻസീസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം