റിച്ചാർഡ് വർമക്ക് ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റിയൽ നിയമനം
Tuesday, March 28, 2017 5:49 AM IST
വാഷിംഗ്ടണ്‍: ഇന്ത്യയിലെ മുൻ യുഎസ് അംബാസഡറായിരുന്ന റിച്ചാർഡ് വർമയെ ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഫോറിൻ സർവീസ് സെന്‍റിനിയൽ ഫെല്ലോയായി നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മാർച്ച് 27നാണ് ഉണ്ടായത്.

ലോകത്തിലെ മികച്ച ഇന്‍റർനാഷനൽ റിലേഷൻസ് സ്കൂളാണ് എസ്എഫ്എസ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സ്കൂൾ ഓഫ് ഫോറിൻ സർവീസ്. റിച്ചാർഡ് വർമയുടെ നാഷണൽ സെക്യൂരിറ്റി വിഭാഗത്തിൽ 25 വർഷത്തെ പരിയസന്പത്ത് ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റിക്ക് മുതൽ കൂട്ടാകുമെന്ന് സീനിയർ അസോസിയേറ്റ് ഡാൻ ആന്‍റണി ക്ലാർക്ക് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഇരുപത്തിയഞ്ചാമത് യുഎസ് അംബാസഡറായി 2014 സെപ്റ്റംബറിലാണ് റിച്ചാർഡ് വർമ ഇന്ത്യയിൽ സ്ഥാനമേറ്റത്. ഇക്കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വർമ മുഖ്യപങ്കാണ് വഹിച്ചത്. എന്നാൽ ട്രംപ് അധികാരമേറ്റയുടൻ എല്ലാ അംബാസഡർമാരും സ്ഥാനം ഒഴിയണമെന്ന അഭ്യർഥന മാനിച്ച് ജനുവരിയിലാണ് റിച്ചാർഡ് വർമ സ്ഥാനം രാജിവച്ചത്.

ഭാര്യ പിങ്കിക്കും മൂന്നു മക്കൾക്കുമൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ വർഷം പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ കഴിഞ്ഞതിനുശേഷം അമേരിക്കയിൽ തിരിച്ചെത്തി പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ