ഹെവൻ ഓഫ് ഹോപ് കൂദാശ ചെയ്തു
Thursday, March 30, 2017 5:57 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ നിന്നുള്ള മലയാളി വൈദികൻ ഫാ. പോളി തെക്കന്‍റെ നേതൃത്വത്തിൽ ഭോപ്പാലിലെ പരസ്യ ഗ്രാമത്തിൽ നിർമിച്ച ഹെവൻ ഓഫ് ഹോപ്പ് മന്ദിരത്തിന്‍റെ കൂദാശ മാർച്ച് 21 ന് നാഗ്പുർ ആർച്ച്ബിഷപ് റവ. ഡോ. ഏബ്രഹാം നിർവഹിച്ചു. അംഗപരിമിതരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിനായി നിർമിച്ച ഈ മന്ദിരം സ്നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന ഒരു ഭവനമായി നിലനിൽക്കട്ടെ എന്ന് ആർച്ച്ബിഷപ് ആശംസിച്ചു.

പ്രൊവിൻഷ്യാൾ റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി സിഎംഐ കൂദാശ ചടങ്ങിന് സഹകാർമികത്വം വഹിച്ചു. എ. സോഹൻ എംഎൽഎ, വൈദികർ, കന്യാസ്ത്രീകൾ, സ്ഥലവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഏപ്രിൽ 20 മുതൽ ഫാ. അനിൽ, ഫാ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ മന്ദിരത്തിലേക്ക് പ്രവേശനം ആരംഭിക്കും. അംഗപരിമിതരായ നാല്പത്് കുട്ടികൾക്ക് അഭയം നൽകുന്നതിനും അവരുടെ വിദ്യാഭ്യാസ ചുമതലകൾ പൂർണമായും ഏറ്റെടുക്കുന്നതിനുമാണ് തത്കാലം പദ്ധതിയിട്ടിരിക്കുന്നത്. ഭാവിയിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തും.

വൈദികവൃത്തിയിലേക്ക് പ്രവേശിക്കുന്പോൾ തന്‍റെ ജീവിതത്തിന്‍റെ പരമോന്നത ലക്ഷ്യമാണ് ഹെവൻ ഓഫ് ഹോപ്പിന്‍റെ കൂദാശ കർമത്തിലൂടെ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഫാ. പോളി തെക്കൻ പറഞ്ഞു. അന്തരിച്ച ഫാ. സ്വാമി സദാനന്ദയുടെ പ്രോത്സാഹനവും സഹവൈദികരുടെ പ്രാർഥനയും ദൗത്യ നിർവഹണത്തിന് കൂടുതൽ കരുത്തേകി. സ്വന്തം അധ്വാനത്തിലൂടെ സമാഹരിച്ച തുകയും ഈശ്വര കാരുണ്യവുമാണ് കെട്ടിട നിർമാണത്തിന് തുണയായതെന്നും ഫാ. പോളി തെക്കൻ സിഎംഐ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ