എസ്എംസിസിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
Wednesday, April 19, 2017 12:01 AM IST
മയാമി: വീട്ടിൽ ഒരു കൃഷിത്തോട്ടം എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് ഇടവകയിൽ വിവിധ ഫലവൃക്ഷ തൈകളും, അടുക്കളതോട്ട ചെടികളും വിതരണം ചെയ്തു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാർച്ച്- ഏപ്രിൽ മാസങ്ങളിൽ അടുക്കള തോട്ട കൃഷികൾക്കായുള്ള പാവൽ, പടവലം, പയർ, ചീര, വെണ്ട, മത്തൻ, കുന്പളം, ചീനി, കോവൽ തുടങ്ങി കുരുമുളക്, കറിവേപ്പ് വരെ ചട്ടികളിൽ മുളപ്പിച്ചും, തെങ്ങ്, മാവ്, പ്ലാവ്, നെല്ലി, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷ തൈകളും വളർത്തി, ഒരുക്കി സൗജന്യമായി വിതരണം ചെയ്തു.

||

ഞായറാഴ്ച രാവിലെ പത്തിനു ഓവർ ലേഡി ഓഫ് ഹെൽത്ത് പള്ളിയങ്കണത്തിൽ ഫൊറോനാ വികാരി ഫാ തോമസ് കടുകപ്പള്ളി തൈവിതരണ ഉദ്ഘാടനം നിർവഹിച്ചു. എസ്എംസിസി പ്രസിഡന്‍റ് സാജു വടക്കേൽ സ്വാഗതം ആശംസിച്ചു.

മാത്യു പൂവൻ, ജിജു ചാക്കോ എന്നിവരുടെ മേൽനോട്ടത്തിലാണ് വിതരണത്തിനായുള്ള തൈകൾ ഒരുക്കിയത്. റോബിൻ ആന്‍റണി, മനോജ് ഏബ്രഹാം, അനൂപ് പ്ലാത്തോട്ടം, ബാബു കല്ലിടുക്കിൽ, സാജു ജോസഫ്, ജോജി ജോണ്‍, വിജി മാത്യു, ജിമ്മി ജോസ്, ഷിബു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം