ഇന്ത്യ പ്രസ് ക്ലബ്ബ് ഏഴാമതു കോണ്‍ഫറൻസ്: ജോയിച്ചൻ പുതുക്കുളം പബ്ലിസിറ്റി കണ്‍വീനർ
Wednesday, April 19, 2017 12:04 AM IST
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമതു കോണ്‍ഫറൻസിന്‍റെ വിജയത്തിനായി മൂന്നു ഭാരവാഹികളെക്കൂടി തിരഞ്ഞെടുത്തതായി ഇന്ത്യ പ്രസ് ക്ലബ്ബ് നാഷണൽ പ്രസിഡ ന്‍റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്, ട്രഷറർ ജോസ് കാടാപുറം എന്നിവർ അറിയിച്ചു.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ജോയിച്ചൻ പുതുക്കുളമാണു പബ്ലിസിറ്റി കണ്‍വീനർ. പ്രസ് പിളളയും അനിലാൽ ശ്രീനിവാസനും കണ്‍വൻഷൻ കോഓർഡിനേറ്റർമാരാണ്. വർഗീസ് പാലമലയിൽ, ചാക്കോ മറ്റത്തിൽപറന്പിൽ, മാത്തുക്കുട്ടി ആലുംപറന്പിൽ എന്നിവരാണ് പബ്ലിക് റിലേഷൻസിന്‍റെ ചുമതല വഹിക്കുക.

അമേരിക്കയിലെ മലയാള മാധ്യമ മേഖലയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ആഴത്തിൽ അറിവുളള ഇവരുടെ സേവനം കോണ്‍ഫറൻസ് നടത്തിപ്പിന് വർധിത ഉൗർജം പകരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് നാഷണൽ കോണ്‍ഫറൻസ് ഓഗസ്റ്റ് 24, 25, 26 നാണു ഷിക്കാഗോയിലെ ഇറ്റാസ്കയിലുളളള ഹോളിഡേ ഇൻ ഹോട്ടലിൽ അരങ്ങേറുക. കേരളത്തിൽ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവർത്തകരും അതിഥികളാവുന്ന കോണ്‍ഫറൻസിൽ പ്രസ് ക്ലബ്ബിന്‍റെ ഏഴു ചാപ്റ്ററിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.