നോർത്ത കൊറിയക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്
Wednesday, April 19, 2017 6:01 AM IST
യൊക്കൊസുക്ക(ടോക്കിയൊ): നോർത്ത് കൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു അണ്വായുധ ഭീഷണിയേയും നേരിടുന്നതിന് വാൾ തയാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസിൽ യുഎസ് നേവി ജാപ്പനീസ് സെൽഫ് ഡിഫൻസ് സേനാംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയയുടെമേൽ സാന്പത്തിക, നയതന്ത്ര സമ്മർദ്ദം ചെലുത്തുവാൻ യുഎസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് ജപ്പാൻ, ചൈന തുടങ്ങിയ ലോക രാഷ്ട്രങ്ങളോട് മൈക്ക് പെൻസ് അഭ്യർഥിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ ഭരണ നേതൃത്വം സമാധാന ശ്രമങ്ങൾ നടത്തുന്നതോടൊപ്പം, രാജ്യത്തെ സംരക്ഷിക്കുന്നതിനും വാൾ തയാറാക്കി വച്ചിരിക്കുകയാണെന്നും പെൻസ് മുന്നറിയിപ്പ് നൽകി.

അണ്വായുധങ്ങൾ ഉപയോഗിക്കുന്നതിന് തയാറായാൽ അതിനെ പരാജയപ്പെടുത്താൻ അമേരിക്ക സുസജ്ജമാണെന്നും പെൻസ് പറഞ്ഞു. അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ നോർത്ത് കൊറിയ തയാറാകുന്നതുവരെ അമേരിക്ക പന്മാറുന്ന പ്രശ്നമില്ലെന്നും പെൻസ് കൂട്ടിച്ചേർത്തു.

പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാടിനോട് മൈക്ക് പെൻസും അനുകൂലമായി പ്രതികരിച്ചതോടെ നോർത്ത് കൊറിയയുടെ ഭാവിയെ കുറിച്ച് ആശങ്ക വർധിച്ചിരിക്കുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ