അമേരിക്കയിൽ മലയാളിക്കുനേരെ വംശീയാക്രമണം
Friday, April 21, 2017 3:58 AM IST
സ്റ്റുവർട്ട് (ഫ്ളോറിഡ): അമേരിക്കയിൽ അടുത്തിടയായി വർധിച്ചു വരുന്ന ഇന്ത്യാക്കാർക്കെതിരെയുള്ള ആക്രമണത്തിന് ഫ്ളോറിഡയിൽ നിന്നുള്ള മലയാളി ഇരയായി. കണ്ണൂർ സ്വദേശിയായ ഷിനോയ് മൈക്കിളാണ് വംശീയാക്രമണത്തിനിരയായത്.

ഏപ്രിൽ 19ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിന് അടുത്തുള്ള സ്റ്റുവർട്ട് സിറ്റിയിൽ കണ്‍വീനിയന്‍റ് സ്റ്റോർ നടത്തി വരുകയായിരുന്നു ഷിനോയ്. ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യാക്കാരിയായ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കെ ജറമിയ ഇമ്മാനുവൽ ഹെന്‍റട്രിക്സ് എന്ന ആഫ്രിക്കൻ വംശജൻ സ്റ്റോറിലേക്ക് കടന്നു വന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ട ഷിനോയിയെ അക്രമി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഷിനോയിയെ ആശുപത്രിയിലെത്തിച്ചത്. സിസി ടിവി കാമറയുടെ സഹായത്തോടെ അക്രമിയെ ഐഡന്‍റിഫൈ ചെയ്ത പോലീസ് ഉടൻ തന്നെ അറസ്റ്റു ചെയ്തു.

ജറമിയയെ ചോദ്യം ചെയ്തപ്പോൾ, അവർ അറബികളാണെന്നും തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പോലീസിനോട് പറഞ്ഞു. ഹേറ്റ് ക്രൈമിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെതുടർന്ന് കേരള അസോസിയേഷൻ ഓഫ് വെസ്റ്റ് പാം ബീച്ച് പ്രസിഡന്‍റ് ബിജു തോണിക്കടവിൽ, ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, വിനോദ് ഡേവിഡ് കൊണ്ടൂർ എന്നിവർ ഷിനോയുമായി സംസാരിച്ചു.

ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം നാലാമത്തെ ഇന്ത്യൻ വംശജനാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്. ഇതിൽ രണ്ടു പേർ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.