സിഎംഎ കലാമേള 2017: ടോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭ, എമ്മ കാട്ടൂക്കാരൻ കലാതിലകം
Wednesday, April 26, 2017 4:17 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷൻ കലാമേളയിൽ ആണ്‍കുട്ടികളിൽ ഏറ്റവുമധികം പോയിന്‍റുകൾ നേടിക്കൊണ്ട് ടോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭ ആയപ്പോൾ, പെണ്‍കുട്ടികളിൽ ഏറ്റവുമധികം പോയിന്‍റുകൾ നേടി എമ്മാ കാട്ടൂക്കാരൻ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷവും എമ്മാ കാട്ടൂക്കാരൻ തന്നെയായിരുന്നു കലാതിലകം. സന്തോഷ് കാട്ടൂക്കാരന്‍റെയും ലിനറ്റ് കാട്ടൂക്കാരന്‍റെയും പുത്രിയാണ് എമ്മാ കാട്ടൂക്കാരൻ. കലാപ്രതിഭ ടോബി കൈതക്കത്തൊട്ടിയിൽ ബിനു കൈതക്കത്തൊട്ടിയുടെയും ടോസ്മിയുടെയും പുത്രനാണ്.

സീറോ മലബാർ കത്തീഡ്രൽ ഹാളിൽ, കഴിഞ്ഞ വർഷത്തെ കലാപ്രതിഭ അൻസൽ മുല്ലപ്പള്ളിയും, കലാതിലകം എമ്മാ കാട്ടൂക്കാരനും ചേർന്നു ഭദ്രദീപം കൊളുത്തിയതോടെയാണ് കലാമേള ആരംഭിച്ചത്. തുടർന്നു പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം കലാമേള ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ ആരംഭിക്കുന്നതിനുമുന്പായി അകാലത്തിൽ നമ്മിൽനിന്നും വേർപിരിഞ്ഞുപോയ ജസ്റ്റിൻ ആന്‍റണിയോടുള്ള ആദരസൂചകമായി ഒരുമിനിറ്റ് മൗനമാചരിച്ചു. കലാമേള കമ്മറ്റി ചെയർമാൻ ജിതേഷ് ചുങ്കത്ത് സ്വാഗതം പറഞ്ഞു. തുടർന്നു ഒരേസമയം നാലുവേദികളിലായി മത്സരങ്ങൾ ആരംഭിച്ചു. 823 കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. കലാമേളയുടെ ഭാഗമായി നടത്തിയ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയവർക്ക് ജിതേഷ് ചുങ്കത്തും സ്റ്റാൻലി കളരിക്കമുറിയും സ്പോണ്‍സർ ചെയ്ത കാഷ് അവാർഡും സമ്മാനിക്കുകയുണ്ടായി.

അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ സ്മൈലിംഗ് കിഡ് മത്സരം കൊച്ചുകുട്ടികളുടെ കുരുന്നുകഴിവുകൾ പുറത്തുകൊണ്ടുവന്നു. മാസ്റ്റേഴ്സ് വിഭാഗത്തിലും (കോളേജ് & അപ്) മത്സരത്തിൽ പങ്കെടുക്കുവാൻ മത്സരാർത്ഥികൾ ഉണ്ടായിരുന്നത് തികച്ചും പ്രോത്സാഹനജനകമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

||

ജിതേഷ് ചുങ്കത്ത്, സഖറിയ ചേലയ്ക്കൽ, സിബിൾ ഫിലിപ്പ് എന്നിവരടങ്ങിയ കലാമേള കമ്മറ്റിയാണ് കലാമേളയ്ക്ക് നേതൃത്വം വഹിച്ചത്. രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോണ്‍സണ്‍ കണ്ണൂക്കാടൻ, ഷാബു മാത്യു തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. യാതൊരു പരാതിക്കും ഇടനൽകാത്തവിധത്തിൽ സ്കോറിംഗ് ടാബുലേഷൻ നടത്തിയത് ജേക്കബ് മാത്യു പുറയന്പള്ളിൽ, അച്ചൻകുഞ്ഞ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു.

കലാമേളയുടെ വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്യാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, ബിജി സി. മാണി, ജോസ് മണക്കാട്ട്, ഫ്രാൻസീസ് ഇല്ലിക്കൽ, ജെയിംസ് പുത്തൻപുരയിൽ, ആഷ്ലി ജോർജ്, ശ്യാംകുമാർ, ക്രിസ്റ്റി ഫിലിപ്പ്, ടിനു കോശി, സാന്ദ്ര മാത്യു, സോണിയ മാത്യു, ആഷ്ലി മാത്യു, ഷാജി രാജ്, രാജൻ, സിബു മാത്യു, ജൂബി വള്ളിക്കളം തുടങ്ങിയവർ നേതൃത്വം നൽകി.

വർഷംതോറും കലാമേളയ്ക്കും ഷിക്കാഗോ മലയാളി അസോസിയേഷനും ജനപ്രീതി വർദ്ധിച്ചുവരുന്നത് ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്ക്കരിക്കുവാൻ പ്രചോദകമാകുമെന്ന് പ്രസിഡന്‍റ് രഞ്ജൻ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും പറഞ്ഞു. ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ എല്ലാ പരിപാടികളും സമയത്തുതന്നെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിൽ കാണികൾ സന്തോഷം പ്രകടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടൻ കൃതജ്ഞത പറഞ്ഞു.

റിപ്പോർട്ട്: ജിമ്മി കണിയാലി