വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് ഏഴിന്
Friday, April 28, 2017 6:20 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന ആയ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. മേയ് ഏഴിന് ന്യൂയോർക്കിലെ സെന്‍റ് മാർക്സ് എപ്പിസ്കോപ്പൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് ആഘോഷ പരിപാടികൾ.

രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. 1975 ൽ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ മറ്റ് സംഘടനകൾക്ക് ഇന്ന് മാതൃകയായി മാറിക്കഴിഞ്ഞു. സംഘടന സുവർണ ജൂബിലിയോട് അടുക്കുന്ന സാഹചര്യത്തിൽ അതിന്‍റെ പ്രവർത്തനങ്ങൾ സജീവമാക്കാനും അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ നിർണായകമായ സാന്നിധ്യമായി മാറുവാനും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് കഴിഞ്ഞു.

വിഷുവിന്‍റെ ഐശ്വര്യവും ഈസ്റ്ററിന്‍റെ പ്രത്യാശയും ആഹ്ലാദം പകരുന്ന കുടുംബ സംഗമം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ സാംസ്കാരിക ചരിത്രത്തിലെ പൊൻ തൂവലാക്കി മാറ്റുവാൻ മലയാളി സമൂഹം ശ്രമിക്കണമെന്ന് വൈസ് പ്രസിഡന്‍റ് ഷൈനി സാജൻ അഭ്യർഥിച്ചു. തനിമയായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യവും നല്കി കൊണ്ടുള്ള വിവിധ കലാപരിപാടികളും ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി ട്രഷറർ ബിബിൻ ദിവാകരൻ, ജോയിന്‍റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ബിജു ജോണ്‍