"ഭാഷയ്ക്കൊരു ഡോളർ’ മേയ് 23 ന് മന്ത്രി രവീന്ദ്രനാഥ് നിർവഹിക്കും
Friday, April 28, 2017 6:30 AM IST
ന്യൂയോർക്ക്: ഫൊക്കാന മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിന് ഏർപ്പെടുത്തിയ "ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരം മേയ് 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നിർവഹിക്കും. അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്‍റെ കടമയാണെന്ന ബോധം ഉൾക്കൊണ്ടാണ് ഫോക്കാനാ ഭാഷയ്ക്കൊരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉപരി പഠനം തിരഞ്ഞെടുക്കുന്പോൾ എംഎ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാന ഭാഷയ്ക്കൊരു ഡോളർ പദ്ധതി ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും എംഎ മലയാളത്തിനു ചേർന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികൾക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാർഡായിരുന്നു ഭാഷയ്ക്കൊരു ഡോളറിന്‍റെ ആദ്യ രൂപം. നിരവധി വർഷങ്ങളിലായി നൂറുകണക്കിന് കുട്ടികൾ ഈ പുരസ്കാരത്തിന്‍റെ ഗുണഭോക്താക്കളായിട്ടുണ്ട്. എന്നാൽ മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപ അടങ്ങുന്ന പുരസ്കാരം കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്.

അമേരിക്കയിലെ ഫൊക്കാനയുടെ കണ്‍വൻഷൻ വേദികളിൽ തയാറാക്കി വയ്ക്കുന്ന ഭാഷയ്ക്കൊരു ഡോളർ ബോക്സിൽ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് അവാർഡിനായി വിനിയോഗിക്കുക.

ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ. രാധാകൃഷ്ണൻ ഫൊക്കാനാ പ്രസിഡന്‍റ് തന്പി ചാക്കോ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സികുട്ടീവ് വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ചെയർപേഴ്സൻ ലീലാ മാരേട്ട്, നാഷണൽ കോഓർഡിനേറ്റർ സുധ കർത്താ, ഡോ. എം.അനിരുദ്ധൻ, മാമൻ സി ജേക്കബ്, ടി.എസ്. ചാക്കോ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് കാനാട്ട്, ഡോ. മാത്യു വർഗീസ്, ഏബ്രഹാം വർഗീസ്, ഏബ്രഹാം കളത്തിൽ, സണ്ണി മറ്റമന, മറിയാമ്മ പിള്ള, ടെറൻസണ്‍ തോമസ്, ജോർജ് ഓലിക്കൽ എന്നിവർ പങ്കെടുക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ