ഡിട്രോയിറ്റ് ഹൈന്ദവ സംഗമത്തിൽ ജോർജിയയും പങ്കുചേരുന്നു
Saturday, April 29, 2017 8:53 AM IST
ഷിക്കാഗോ: ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയ്റ്റിൽ നടത്തുന്ന അന്തർദേശീയ ഹിന്ദു സംഗമത്തിൽ ജോർജിയയിൽ നിന്നും ഹിന്ദു കുടുംബങ്ങൾ പങ്കുചേരുന്നു. അറ്റ്ലാന്‍റയിൽ അന്പലം ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു മഹോത്സവത്തിൽ കഐച്ച്എൻഎ പ്രസിഡന്‍റ് സുരേന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു.

വിശ്വമാനവീകതയും സഹജീവിസൗഹാർദവും സമന്വയിക്കുന്ന ഏകാന്തസങ്കല്പം സനാതനധർമത്തിന്‍റെ ആധാരശിലയാണെന്നും ലോകത്തിന്‍റെ എല്ലാ വിശ്വാസങ്ങളേയും സർവാത്മനാ സ്വാഗതം ചെയ്ത ജനതയാണ് ഭാരതീയരെന്നും പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ധർമാചരണത്തിന്‍റെ വർധിച്ചുവരുന്ന പ്രസക്തിയും കാലോചിതമായ പുനരാഖ്യാനങ്ങളും ചർച്ച ചെയ്യപ്പെടുന്ന സമ്മേളനത്തിന്‍റെ പ്രമേയങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

അന്പലം ഗ്രൂപ്പിന്‍റെ വിവിധ കലാപരിപാടികൾക്കു വിജയകുമാർ, ബീനാ കുമാർ, മായാ നായർ, സതീഷ് മേനോൻ, രേഖാ വിജയകുമാർ എന്നിവർ നേതൃത്വം നൽകി. അറ്റ്ലാന്‍റ കഴിഞ്ഞ് അഗസ്റ്റയിൽ നടന്ന സായാഹ്ന കുടുംബ സമ്മേളനത്തിലും പ്രസിഡന്‍റ് പങ്കെടുത്തു. ധർമസംസ്ഥാപനത്തിൽ ആനുകാലിക അമേരിക്കൻ സമൂഹം അനുവർത്തിക്കേണ്ട മുൻകരുതലുകളും അവശരും അഗതികളുമായ മലയാളി സഹോദരങ്ങളെ സഹായിക്കാനുള്ള കർമപദ്ധതികളും കുടുംബസംഗമത്തിൽ ചർച്ചാവിഷയമായിരുന്നു.

കഐച്ച്എൻഎ സംഗമത്തിനും ഭാവി പ്രവർത്തനങ്ങൾക്കും ഷാജി കമലാസനന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പിന്തുണ പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം