പിഐഒ കാർഡ് ഒസിഐ കാർഡാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുന്നു
Thursday, May 18, 2017 7:11 AM IST
ന്യുയോർക്ക്: പേഴ്സണ്‍ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡുകൾ (പിഐഒ) ഓവർസീസ് സിറ്റിസണ്‍ കാർഡുകളാക്കി (ഒസിഐ) മാറുന്നതിനുള്ള സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കുമെന്ന് ന്യുയോർക്ക് കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. 2016 ഡിസംബറിൽ അവസാനിച്ചിരുന്ന തിയതി ആറു മാസത്തേക്കുകൂടി നീട്ടിയത് ഇന്ത്യൻ അമേരിക്കൻ വംശജരുടെ അഭ്യർത്ഥന മാനിച്ചാണെന്നും ഓഫീസിൽ നിന്നറിയിച്ചു. ഇതൊരു അടിയന്തിര അറിയിപ്പായി കണക്കാക്കണമെന്നും ഇന്ത്യൻ കോണ്‍സുലേറ്റ് അഭ്യർഥിച്ചു.

2016 മാർച്ച് 31 മുതൽ മൂന്നാം തവണയാണ് തിയതി ദീർഘിപ്പിക്കുന്നതെന്നും ഇനി ഒരു മാറ്റം പ്രതിക്ഷിക്കേണ്ടതില്ലെന്നും ന്യൂയോർക്ക് കോണ്‍സുലേറ്റ് പ്രതിനിധി ഷഹാന ബഗ്ബാൻ പറഞ്ഞു. വിദേശത്ത് താമസിക്കുന്നവർക്ക് ഒസിഐ, പിഐഒ കാർഡുകൾ തമ്മിലുള്ള വ്യത്യാസം ഒഴിവാക്കുന്നതിന് 2014 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. 2002 ലായിരുന്ന പിഐഒ കാർഡ് ആദ്യമായി നിരവിൽ വന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ