കമ്യൂണിറ്റി സർവീസ് അവാർഡ് ഫോർ മീഡിയ എക്സലൻസ് സുനിൽ ട്രൈസ്റ്റാറിന്
Saturday, May 20, 2017 3:04 AM IST
ന്യൂയോർക്ക്: മാധ്യമ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളർപ്പിക്കുന്ന സാമുവേൽ ഈശോയ്ക്ക് (സുനിൽ ട്രൈസ്റ്റാർ) ബർഗൻ കൗണ്ടിയുടെ കമ്യൂണിറ്റി സർവീസ് അവാർഡ്. കൗണ്ടി ഒൗദ്യോഗികമായി സംഘടിപ്പിച്ച ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ ഹെറിറ്റേജ് ആഘോഷത്തിൽ ചൂസൻ ഫ്രീഹോൾഡേഴ്സ് ബോർഡ് പ്രസിഡന്‍റ് ട്രേസി സിൽന സുർ അവാർഡ് സമ്മാനിച്ചു.

വർണശബളമായ ചടങ്ങിൽ വച്ചു മൂന്നു അവാർഡുകൾ കൂടി സമ്മാനിച്ചു. ലോ എൻഫോഴ്സ്മെന്‍റ് സർവീസ് അവാർഡ് ലഭിച്ചത് ന്യൂജേഴ്സി ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്സ്മെന്‍റ് ഓഫീസേഴ്സ് അസോസിയേഷനാണ്. രണ്ട് ഏഷ്യൻ പോലീസ് ഓഫീസർമാർ അവാർഡ് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ രംഗത്തെ സേവനത്തിനു മോണോ എച്ച് വാംഗിനും, നേതൃരംഗത്തിനുള്ള അവാർഡ് റവ. ഗാർഡൻസിയോ സൊറിയാനോക്കും നൽകി. അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരനാണ് സുനിൽ ട്രൈസ്റ്റാർ.

മെയ് ഏഷ്യൻ അമേരിക്കൻ ഹെറിറ്റേജ് മാസമായും കൗണ്ടി എക്സിക്യൂട്ടീവ് ജയിംസ് ജെ ടെഡ്സ്കോ പ്രഖ്യാപിച്ചു. ഒന്നര നൂറ്റാണ്ടായി അമേരിക്കൻ ജീവിതത്തിൽ ഏഷ്യൻ വംശജർ നൽകുന്ന സംഭാവന പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. കഠിന യാതനകളും വിഷമതകളും സഹിക്കുകയും ഉന്നതിയിലെത്തുകയും ചെയ്തവരുടെ ചരിത്രം അമേരിക്കൻ ചരിത്രത്തിന്‍റെ ഭാഗമാണ്. വിവിധ നാടുകളിൽ നിന്നും എത്തി വലിയ വിജയം നേടാൻ അവർക്കായി. ബർഗൻ കൗണ്ടിയിൽ 130,000 ഏഷ്യക്കാരാണുള്ളത്. അത് അനുദിനം വർധിക്കുന്നതായും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.

ലാറ്റിനോകൾ കഴിഞ്ഞാൽ കൗണ്ടിയിലെ ഏറ്റവും വലിയ ന്യൂനപക്ഷം ഏഷ്യക്കാരാണെന്നു ട്രേസി സിൽന സുർ ചൂണ്ടിക്കാട്ടി. വലിയ തോതിൽ കൊറിയൻ വംശജരും, ചൈനക്കാരും ഇന്ത്യക്കാരും കൗണ്ടി ജീവിതത്തെ സന്പന്നമാക്കുന്നു. അവാർഡ് ലഭിച്ചവർ വ്യത്യസ്ത കർമ്മരംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചവരാണ് അവർ ചൂണ്ടിക്കാട്ടി.

||

കൗണ്ടി പ്രോസിക്യൂട്ടറായ ഗുർബീർ ഗ്രേവാളും ചടങ്ങിന്‍റെ തുടക്കത്തിൽ എത്തി. പ്രാസംഗീകർ ഏഷ്യൻ സമൂഹത്തിന്‍റെ ഉയർച്ചയുടെ തെളിവായി സിക്കുകാരനായ ഗ്രേവാളിനെയാണ് എടുത്തുകാട്ടിയത്. ഇതുപോലെ ഉന്നത സ്ഥാനങ്ങളിൽ ഏഷ്യക്കാർ കൂടുതലായി എത്തട്ടെ എന്നും അവർ ആശംസിച്ചു.

ഷെറിഫ്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഹോണർ ഗാർഡോടു കൂടിയായിരുന്നു തുടക്കം. അസി. പബ്ലിക് പ്രോസിക്യൂട്ടർ ജാക്വലിൻ ചോയി പ്രതിജ്ഞാ വാചകം ചൊല്ലി.

ആശംസാ പ്രസംഗങ്ങൾക്കുശേഷം നടന്ന കൾച്ചറൽ പ്രോഗ്രാം വർണ്ണ മനോഹരമായിരുന്നു. കൊച്ചു കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പരാമസിലെ ചെൻ വെയ് ഡാൻസ് സ്റ്റുഡിയോ ആണ് സംഘടിപ്പിച്ചത്. ടെനാഫ്ളൈയിലെ അലക്സും ക്രിസ്റ്റീന ബോണ്‍ടിയയും ബ്രോഡ്വെ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് നടന്ന ചൈനീസ്, കൊറിയൻ നൃത്തങ്ങൾ മനംകവരുന്നതായിരുന്നു. വർണ്ണാഭമായ വേഷവിധാനങ്ങളും വിശറികളും കൊണ്ട് അവർ നിറക്കൂട്ട് ചാലിച്ചു.

പ്രവാസി ചാനൽ മാനേജിംഗ് ഡയറക്ടറായ സുനിൽ ട്രൈസ്റ്റാർ കാൽ നൂറ്റാണ്ടോളമായി ദൃശ്യമാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. ഏഷ്യാനെറ്റിന്‍റെ അമേരിക്കൻ പ്രവേശനത്തിനു തുടക്കം കുറിക്കുകയും ചാനലിനെ വലിയ വിജയത്തിലെത്തിക്കുകയും ചെയ്ത സുനിൽ ഇ മലയാളി, ഇന്ത്യാ ലൈഫ് ആൻഡ് ടൈംസ് മാഗസിൻ, ഐ.എൽ.എ ടൈംസ് എന്നിവയുടെ സാരഥിയുമാണ്.

ടി.എസ് ചാക്കോ, പ്രൊഫസർ സണ്ണി മാത്യു, വർഗ്ഗീസ് പ്ലാമ്മൂട്ടിൽ, സെബാസ്ററ്യൻ കൂടാതെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.