അനുഭവസന്പത്തുമായി അലുമ്നി
Monday, May 22, 2017 8:05 AM IST
ന്യൂജേഴ്സി: ഹൈസ്കൂൾ, കോളജ് പഠനകാലത്ത് ആരാധന, സേവനം, പഠനം എന്നീ മുദ്രാവാക്യങ്ങളുമായി ജീവിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും, പിന്നീട് ജീവിതസഞ്ചാരണാർത്ഥം അമേരിക്കയിൽ കുടിയേറിയവരുമായ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ഒന്നിച്ചുകൂടി ഓർമ്മകൾ അയവിറക്കി. കർമ്മവും ലക്ഷ്യവും പ്രവർത്തനമണ്ഡലമാക്കിയവർ ഒന്നിച്ചു കൂടിയപ്പോൾ വർഷങ്ങൾക്കു മുന്പ് ആർജിച്ച അവബോധവും ഉൾപ്രേരണയും അത്യുത്സാഹവുമൊക്കെ ജരാനരകൾക്കുമപ്പുറവും തങ്ങളോടൊപ്പമുണ്ടെന്ന വസ്തുത ജീവിതാനുഭവങ്ങളിലൂടെ അവർ പങ്കുവച്ചു. എംജിഒസിഎസ്എം -ഒസിവൈഎം അലുമ്നി സമ്മേളനം നടന്ന ഡോവർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു വേദി.

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്‍റ്സ് മൂവമെന്‍റ,് യുവജനപ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുൻകാല ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ആവേശോജ്വലമായ അനുസ്മരണങ്ങളാൽ ധന്യമായി. മേയ് 20 ശിനയാഴ്ച നടന്ന സമ്മേളനത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ളവർ പങ്കെടുത്തു. സ്റ്റാറ്റൻ ഐലൻഡ്് സെന്‍റ് ജോർജ് ഇടവക വികാരി ഫാ. അലക്സ് ജോയി ധ്യാനപ്രസംഗം നടത്തി.
||
എംജിഒസിഎസ്എം -ഒസിവൈഎം സംരംഭം മുതലുള്ള കാര്യങ്ങൾ സെക്രട്ടറി മാത്യു സാമുവൽ അനുസ്മരിച്ചു. അലുമ്നിയുടെ ഉദേശലക്ഷ്യങ്ങളും ഭാവിപരിപാടികളും ജോയിന്‍റ് സെക്രട്ടറി സജി എം. പോത്തൻ വിശദീകരിച്ചു. തോമസ് നീലാർമഠം, ഫാ. രാജു വർഗീസ്, ഫാ. ജോണ്‍ തോമസ്, ഫിലിപ്പ് തങ്കച്ചൻ, ജോർജ് തുന്പയിൽ,അജിത് വട്ടശേരിൽ, സൂസൻ വർഗീസ്, ജേക്കബ് ജോസഫ്, ഡോ. സ്കറിയാ ഉമ്മൻ, ജോസ് വിളയിൽ, സൂജാ ജോസ്, സുനോജ് തന്പി എന്നിവർ തങ്ങളുടെ പ്രവർത്താനുഭവങ്ങൾ പങ്കുവച്ചു.
ഡോ. സോഫി വിൽസണ്‍ എം.ഡിയായി പ്രവർത്തിച്ചു. സോവർ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ സ്വാഗതമാശംസിച്ചു.

അജിത് മാത്തൻ, ജോസ് ജോയി, ഷാജി വിൽസണ്‍, അജിതാ തന്പി, ലൈലാ മാത്യൂസ്, മേഴ്സി വിളയിൽ, റിനു ചെറിയാൻ, അനുജാ കുര്യാക്കോസ്, മാർക്ക് മാത്തൻ, ദിവ്യാ വിളയിൽ, കുഞ്ഞമ്മ ജോണ്‍ തോമസ്, ജീനാ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. അടുത്ത മീറ്റിംഗ് ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് നടക്കുന്ന കലഹാരി കണ്‍വൻഷൻ സെന്‍ററിൽ കോണ്‍ഫറൻസിനോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സഭയിലെ വിദ്യാർത്ഥി പ്രസ്ഥാനമായി 1908ലാണ് എംജിഒസിഎസ്എം -ഒസിവൈഎം സ്ഥാപിതമായത്. യുവജനപ്രസ്ഥാനം 1937ലും.

റിപ്പോർട്ട്: ജോർജ് തുന്പയിൽ