ഫൊക്കാനയുടെ സുവർണ്ണ രേഖയായി ’ഭാഷയ്ക്കൊരു ഡോളർ’ സമർപ്പണം തിരുവനന്തപുരത്ത്
Tuesday, May 23, 2017 1:48 AM IST
ന്യൂയോർക്ക്: സംസ്ഥാനത്തെ സർവകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സർവകലാശാല അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന ’ഭാഷയ്ക്കൊരു ഡോളർ ’ പുരസ്കാരം മേയ് 23നു ചൊവ്വാഴ്ച മുന്നിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നല്‍കും. നിരൂപകയും എഴുത്തുകാരിയുമായ സന്ധ്യ. എസിനാണ് ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം സമ്മാനിക്കുന്നത്.

കേരളപ്പിറവി സുവർണജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പദ്ധതിയുമായി ചേർന്ന് 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്കാരം 2007ലാണ് കേരള സർവകലാശാല ഏർപ്പെടുത്തിയത്. അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്‍റെ കടമയാണെന്ന ബോധം ഉൾക്കൊണ്ടാണ് ഫോക്കാനാ ഭാഷയ്ക്കൊരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉപരിപഠനം തെരഞ്ഞെടുക്കുമ്പോള്‍ എംഎ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാന ഭാഷയ്ക്കൊരു ഡോളർ പദ്ധതി ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും എംഎ മലയാളത്തിനു ചേർന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികൾക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാർഡായിരുന്നു ഭാഷയ്ക്കൊരു ഡോളറിന്‍റെ ആദ്യ രൂപം. നിരവധി വർഷങ്ങളിലായി നൂറുകണക്കിന് കുട്ടികൾ ഈ പുരസ്കാരത്തിന്‍റെ ഗുണഭോക്താക്കളായിട്ടുണ്ട്. എന്നാൽ മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപ അടങ്ങുന്ന പുരസ്കാരം കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണെന്ന് ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ പറഞ്ഞു.

അമേരിക്കയിലെ ഫൊക്കാനയുടെ കണ്‍വൻഷൻ വേദികളിൽ തയാറാക്കി വയ്ക്കുന്ന ഭാഷയ്ക്കൊരു ഡോളർ ബോക്സിൽ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് അവാർഡിനായി വിനിയോഗിക്കുക.

മേയ് 23നു വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ: എൻ വീരമണികണ്ഠൻ അധ്യക്ഷത വഹിക്കും.മലയാളത്തിന്‍റെ പ്രിയ കവയത്രി സുഗതകുമാരി മുഖ്യാതിഥിയായിരിക്കും. അഡ്വ.കെ.ഇത്.ബാബുജാൻ, കെ.എസ്. ഗോപകുമാർ, അഡ്വ.എ.എ റഹിം (സിൻഡിക്കേറ്റ് അംഗങ്ങൾ) ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കേരളാ കണ്‍വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, മുൻ പ്രസിഡന്‍റ് ഡോ:എം അനിരുദ്ധൻ എന്നിവർ ആശംസകൾ അർപ്പിക്കും. കേരളാ സർവകലാശാല രജിസ്ട്രാർ ഡോക്ടർ എം.ജയപ്രകാശ് സ്വാഗതവും ,ഫൊക്കാന ട്രസ്റ്റിബോർഡ് ചെയർമാൻ ജോർജി വർഗീസ് നന്ദിയും അറിയിക്കും. ഫൊക്കാന എക്സികുട്ടീവ് വൈസ് പ്രസിഡൻറ് ജോയ് ഇട്ടൻ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, സുധ കർത്താ, മാമൻ സി ജേക്കബ്, ഏബ്രഹാം കളത്തിൽ, സണ്ണി മറ്റമന, ജോർജ് ഓലിക്കൽ അലക്സ് മാത്യു എന്നിവർ പങ്കെടുക്കും

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ