425,000 ഡോളർ വിലയുള്ള ക്ലോക്ക് മോഷണം പോയി
Tuesday, May 23, 2017 7:15 AM IST
ഷിക്കാഗോ: രത്നം പതിച്ച അത്യപൂർവ്വ ക്ലോക്ക് മോഷണം പോയതായി ഷിക്കാഗോ പോലീസ് വ്യക്തമാക്കി. ഷിക്കാഗോ ആർട്ട് ആന്‍റ് ഡിസൈൻ ഷോയിൽ പ്രദർശനത്തിനു വച്ചിരുന്ന ഈ അപൂർവ്വ ക്ലോക്ക് മേയ് 21നു ഞായറാഴ്ച പുലർച്ചെയാണ് കാണാതായത്. ഒരു പുരുഷനും സ്ത്രീയും ഏഴാം നിലയിൽ പ്രദർശനത്തിനുവച്ചിരുന്ന ക്ലോക്കിനു സമീപം വന്നുനിന്നു കടക്കാരന്‍റെ ശ്രദ്ധ തിരിച്ചു സ്ത്രീ ക്ലോക്കുമായി കടന്നുകളയുകയായിരുന്നു. 20-ാം നൂറ്റാണ്ടിലെ ക്ലോക്ക്, പതിനെട്ട് കാരറ്റ് സ്വർണ്ണം കൊണ്ടും, ക്രിസ്റ്റലുകൾ കൊണ്ടുമാണ് നിർമ്മിച്ചിരുന്നത്. 425,000 ഡോളറാണ് ഇതിനു വില നിശ്ചയിച്ചിരുന്നത്. മോഷണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ