ഡോ: എ.എസ് സന്ധ്യക്ക് ’ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരം സമ്മാനിച്ചു
Wednesday, May 24, 2017 6:47 AM IST
തിരുവനന്തപുരം: മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപിക ഡോ:എ.എസ് സന്ധ്യക്ക് മലയാളത്തിന്‍റെ സ്വന്തം സുഗതകുമാരി സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളത്തെ സ്നേഹിക്കുന്ന നൂറു കണക്കിന് സഹൃദയർ പങ്കെടുത്തു. മലയാളത്തെ സ്നേഹിക്കാൻ ഫൊക്കാനയ്ക്കു ഇതിൽപ്പരം ഒരു പദ്ധതിയില്ലെന്ന് ചടങ്ങു ഉദ്ഘാടനം നിർവഹിച്ചു സുഗതകുമാരി പറഞ്ഞു.

മലയാളത്തിലെ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിന് കേരള സർവകലാശാല ഫൊക്കാനയുമായി ചേർന്ന് നൽകുന്ന ’ഭാഷയ്ക്കൊരുഡോളർ’ (2015) പുരസ്കാരത്തിന് അർഹയായ ഡോ.സന്ധ്യ.എ.എസ് നു അന്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് നൽകിയത്. പുരസ്കാരത്തിന് അർഹമായ പ്രബന്ധം കേരള സർവകലാശാല പ്രസിദ്ധീകരിക്കും. അവാർഡിനും പ്രസിദ്ധീകരണത്തിനുമുളള തുക നൽകുന്നത് ഫൊക്കാനയാണ്.

’ഫോക്ലോർ ഘടകങ്ങൾ നോവലിൽ എസ്.കെ.പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീർ, കോവിലൻ എന്നിവരുടെ നോവലുകളെ ആസ്പദമാക്കിയുള്ള പഠനം’ എന്ന പ്രബന്ധമാണ് അവാർഡിനർഹമായത്. ഡോ. എം.എസ്. സുചിത്രയാണ് ഗവേഷണത്തിന് മാർഗ്ഗനിർദ്ദേശം നൽകിയത്. കേരള സർവകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്. സാമൂഹിക പ്രസക്തി, ഗവേഷണരീതീശാസ്ത്രം, അക്കാദമിക പ്രാധാന്യം, ഉള്ളടക്കത്തിന്‍റെ നിലവാരം, വൈജ്ഞാനിക സംഭാവന എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 2015ൽ പിഎച്ച്ഡി അവർഡ് ചെയ്ത 14 മലയാളം പി.എച്ച്.ഡി. തീസിസുകൾ പരിശോധിച്ചതിൽ നിന്നാണ് ഡോ.സന്ധ്യ.എ.എസ്ന്‍റെ പ്രബന്ധം തെരഞ്ഞെടുത്തത്.

കേരളാ സർവകലാശാലാ പ്രൊ. വൈസ് ചാൻസലർ ഡോ: വീരമണി അധ്യക്ഷത വഹിച്ചു. മാതൃഭാഷയെ ആദരിക്കുവാനും ഫൊക്കാന 2007 മുതൽ ആരംഭിച്ച ഭാഷയ്ക്കൊരു ഡോളർ അവാർഡ് മാതൃഭാഷയോടുള്ള സ്നേഹം നിലനിർത്തുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള ഭാഷയ്ക്കു അപചയം ഉണ്ടായിട്ടുണ്ട്, അത് മാറണം. മാതൃഭാഷ തന്നെ ഇല്ലാതാകുന്ന അവസ്ഥ. ഈ സാഹചര്യത്തിൽ ഇത്തരമൊരു അവാർഡ് സർവകലാശാലയോടു ചേർന്ന് നിൽക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ ആശംസ അർപ്പിച്ചു. ഫൊക്കാന ആവിഷ്ക്കരിച്ച ഭാഷയ്ക്കൊരു ഡോളർ 2007 ൽ തുടങ്ങിയ അന്നുമുതൽ ഈ ചടങ്ങിൽ പങ്കെടുക്കുവാൻ ഭാഗ്യ സിദ്ധിച്ച ആളാണ് താൻ ,അതിൽ വലിയ അഭിമാനം ഉണ്ടെന്നു ഫൊക്കാന കേരളാ കണ്‍വൻഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ ആശംസ പ്രസംഗത്തിൽ പറഞ്ഞു. മലയാളത്തെ നെഞ്ചേറ്റുന്നതിന്‍റെ ഭാഗമായി അമേരിക്കയിലുടനീളം മലയാളം ക്ലാസുകൾ സംഘടനകൾ നടത്തുന്നു. മലയാളം എഴുതുവാൻ സാധിച്ചില്ല എങ്കിലും സംസാരിക്കുവാൻ ഞങ്ങളുടെ പുതു തലമുറ പഠിക്കുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാല രജിസ്റ്റർ ഡോ:എം.എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു.ഫൊക്കാന ട്രസ്റ്റിബോർഡ് ചെയർമാൻ ജോർജി വർഗീസ് നന്ദി അറിയിച്ചു .മുൻ വർഷം പുരസ്കാരം നേടുകയും സർവകലാശാല പ്രസിധിധികരിക്കുകയും ചെയ്ത ഡോ:ശ്രീകുമാർ എ ജിയുടെ ന്ധപുസ്തകവും കേരളാ സംസ്കാര പരിണാമവും ന്ധഎന്ന ഗവേഷണ പ്രബന്ധം സുഗതകുമാരി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസിന് നൽകി പ്രകാശനം നിർവഹിച്ചു.

ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി ഡോ:മാത്യു വർഗീസ്, നാഷണൽ കണ്‍വൻഷൻ കോ ഓർഡിനേറ്റർ സുധാ കർത്ത, കമ്മിറ്റി അംഗംങ്ങൾ ആയ ജോർജ് ഓലിക്കൽ, മോഡി ജേക്കബ്, അലക്സ് തോമസ്, ടി എസ് ചാക്കോ, അലക്സ് തോമസ് (ഫിലാഡൽഫിയ ) തുടങ്ങിയവരും ഫൊക്കാന കുടുംബാംഗംങ്ങളും പങ്കെടുത്ത പ്രൗഢ ഗംഭീര ചടങ്ങായിരുന്നു ഈ വർഷത്തെ വർഷത്തെ ഭാഷയ്ക്കൊരു ഡോളർ ചടങ്ങ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ