ജിഎസ് സി മലയാളം സ്കൂൾ 2017 ജൂണ്‍ ഏഴിനു ആരംഭിക്കും
Saturday, May 27, 2017 3:51 AM IST
ഹൂസ്റ്റണ്‍: ഗ്രിഗോറിയൻ സ്റ്റഡി സർക്കിളിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ എട്ടുവർഷമായി നടത്തിവരുന്ന അവധിക്കാല മലയാളം ക്ലാസിന്‍റെ ഈവർഷത്തെ ക്ലാസുകൾ ജൂണ്‍, ജൂലൈ മാസങ്ങളിലായി സ്കാർസ് ഡെയിലിലെ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്താൻ തീരുമാനിച്ചു.

ജൂണ്‍ ഏഴാം തീയതി ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ പത്തു മുതൽ 12.30 വരെയാണ് നടത്തുന്നത്. 6 വയസ് മുതൽ 18 വയസുവരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും എഴുതുവാനും വായിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പം നമ്മുടെ സംസ്കാരവും മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ജി.എസ്.സി ഹൂസ്റ്റണ്‍ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഈവർഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിനിന്‍റെ ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാമുമായി സഹകരിച്ച് ജി.എസ്.സി ഹൂസ്റ്റണ്‍ ഒന്പതു മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി ഒരു സർട്ടിഫിക്കറ്റ് കോഴ്സ് നടത്താനും തീരുമാനിച്ചിരിക്കുന്നു. ഈ ക്രെഡിറ്റ് ഭാവിയിൽ അമേരിക്കൻ ബിരുദ പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ കോളജുകളിലേക്ക് ട്രാൻസ്ക്രിപ്റ്റായി ലഭിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രേഷനും ജി.എസ്.സി ഹൂസ്റ്റന്‍റെ ഫെസ്ബുക്ക് പേജ് സന്ദർശിക്കുകയോ സെക്രട്ടറി സിറിൾ രാജൻ, ക്ലാസ് കോർഡിനേറ്റർ ജെസി സാബു, വിൽസണ്‍ സ്റ്റെയിൻ എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍: 832 910 7296, ഇമെയിൽ: ഴരെ.വൗെേീി@്യമവീീ.രീാ

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം