"സൂര്യനിൽ ഒരു തണൽ’ പുസ്തകം പ്രകാശനം ചെയ്തു
Monday, May 29, 2017 7:37 AM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം പുസ്തകം "സൂര്യനിൽ ഒരു തണൽ’ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം എഴുത്തുകാരൻ ജോണ്‍ ജേക്കബിന്‍റെ ഒരു പാവന സ്മരണിക കൂടിയായിട്ടാണ് പുസ്കം പ്രകാശനം ചെയ്തത്. റൈറ്റേഴ്സ് ഫോറത്തിന്‍റെ 14-ാമത് പുസ്തക പ്രകാശനമായിരുന്നിത്.

മേയ് 21ന് സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ’ കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് മാത്യു നെല്ലിക്കുന്ന് പുസ്തകത്തിന്‍റെ ഒരു കോപ്പി അന്തരിച്ച ജോണ്‍ ജേക്കബിന്‍റെ ഭാര്യ ആലീസ് ജേക്കബിന് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച മാത്യു നെല്ലിക്കുന്ന് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. അതിൽ മാത്യു ജേക്കബ് അനുസ്മരണ പ്രസംഗം നടത്തി. തുടർന്നു ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളിൽ, മാത്യു മത്തായി, എ.സി. ജോർജ്, തോമസ് ചെറുകര, തോമസ് കെ. വർഗീസ്, ടി.എൻ സാമുവൽ, ഷാജി ഫാംസ്, ജോസഫ് തച്ചാറ, ജോണ്‍ കുന്തറ, സലീം അറക്കൽ, വൽസൻ മഠത്തിപറന്പിൽ, ഇന്ദ്രജിത് നായർ തുടങ്ങിയവർ സംസാരിച്ചു. മക്കളായ ജോജി ജേക്കബ്, ജോസഫ് ജേക്കബ്, മാത്യു ജേക്കബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സാഹിത്യ ആസ്വാദന ചർച്ചാ യോഗത്തിൽ ദേവരാജ് കാരാവള്ളിയുടെ ഒരു ചെറുകിളിപാട്ട് എന്ന കവിതാ പാരായണത്തോടെയാണ് തുടക്കമായി. തുടർന്ന് പാടുന്ന കൊതുകുകൾ എന്ന ചെറുകഥ കഥാകൃത്ത് ജോസഫ് തച്ചാറ വായിച്ചു. ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് കോളജിലെ വിദ്യാർഥി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് പാടുന്ന കൊതുകുകൾ. കോളജിലെ ഒരു നാലാംഗ വിദ്യാർഥി സംഘത്തിന്‍റെ സദാചാര പോലീസ് മാതൃകയിലുള്ള ഗുണ്ടാ പ്രവർത്തനങ്ങളാണ് ഈ കഥയിലെ ഇതിവൃത്തം. തുടർന്നു മാത്യു മത്തായിയുടെ ആരാധനാലയങ്ങൾ കച്ചവട ആലയങ്ങളോ എന്ന ശീർഷകത്തിലുള്ള ലേഖന പാരായണമായിരുന്നു. ദൈവത്തിന്‍റെയും മതത്തിന്‍റെയും ആത്മീയതയുടെയും പേരും പറഞ്ഞ് പേടിപ്പിച്ച് ആൾദൈവങ്ങളും മതപുരോഹിതരും മത നേതാക്കളും സാധാരണക്കാരെ വെറും കച്ചവട താത്പര്യത്തോടെ മാത്രം കുത്തിപറിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇവിടെ നിലവിൽ.

കവിതയേയും ചെറുകഥയേയും ലേഖനത്തേയും ആസ്വദിച്ചും നിരൂപണം ചെയ്തും ഗ്രേറ്റർ ഹൂസ്റ്റണിലെ എഴുത്തുകാരും ഭാഷാ സ്നേഹികളുമായ ബോബി മാത്യു, ക്ലാരമ്മ മാത്യു, ഗ്രേസി മാത്യു, മേരിക്കുട്ടി കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ.സി. ജോർജ്, ടി.എൻ. സാമുവൽ, മാത്യു മത്തായി, ദേവരാജ് കാരാവള്ളിൽ തോമസ്. കെ. വർഗീസ്, സലിം അറക്കൽ, ജോസഫ് തച്ചാറ, വൽസൻ മഠത്തിപറന്പിൽ, ഇന്ദ്രജിത് നായർ, ഷാജി ഫാംസ്, ജോണ്‍ കുന്തറ തുടങ്ങിയവർ സംസാരിച്ചു.