കൊച്ചി മെട്രോയ്ക്കും, ഇ. ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങൾ : മാധവൻ ബി നായർ
Monday, June 19, 2017 1:09 AM IST
ന്യൂജഴ്സി: കേരളത്തിന്‍റെ വ്യാവസായിക ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്കു തുടക്കമാകുന്ന കൊച്ചി മെട്രോയ്ക്കും ,അതിന്‍റെ ശില്പി ഇ. ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി ഫൊക്കാന ജനറൽ കണ്‍വൻഷൻ ചെയർമാനും ,ന്യൂജഴ്സിയിൽ എംബിഎൻ മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ അമരക്കാരനുമായ മാധവൻ ബി നായർ അറിയിച്ചു.

കേരളത്തിന്‍റെ വികസനത്തിൽ കൊച്ചി മെട്രോ അനിവാര്യമാണ് .നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയാണ് മെട്രോ ഓടുന്നത്.പക്ഷെ ബാക്കിയുള്ള പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും മെട്രോ തൃപ്പുണിത്തുറ വരെയെങ്കിലും ഓടിത്തുടങ്ങിയെങ്കിലും മാത്രമേ എറണാകുളത്തുള്ള ഗതാഗത കുരുക്ക് പൂർണ്ണമായും പരിഹരിക്കുവാൻ സാധിക്കുകയുള്ളതു.എല്ലാ വികസിതരാജ്യങ്ങളുടെയും കുതിപ്പ് അവിടുത്തെ ഗതാഗത സൗകര്യങ്ങൾ ആണ്.നമ്മുടെ കൊച്ചുകേരളത്തിനു വേണ്ടതും അത് തന്നെ .അമേരിക്കയിലെ തിരക്കുകൾക്കിടയിൽ നിന്ന് നാട്ടിൽ എത്തുന്പോൾ നാം വലഞ്ഞു പോകുന്നത് ഗതാഗതക്കുരുക്കിലാണ്.അതിപ്പോൾ കേരളത്തിന്‍റെ ഏതുഭാഗത്തു എത്തപ്പെട്ടാലും കഥ മറ്റൊന്നല്ല.അപ്പോൾ അടിസ്ഥാന വികസനകളുടെ ഭാഗമായി കേരളം ഏറെ മാറേണ്ടതുണ്ട്.

കേരളത്തിലെ ജനങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട സഹകരണം വളരെ വലുതാണ്.കൊച്ചി മെട്രോ പണി പൂർത്തിയാകാത്തതിന്‍റെ പ്രധാന കാരണം സ്ഥലമെടുപ്പും ,കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥലത്തെ ജനങളുടെ പുനരധിവാസവുമാണ് .അതിനു സർക്കാരുകളുടെ ഭാഗത്തുനിന്നും പൂർണ്ണമായ ഉറപ്പും പരിരക്ഷയും ലഭിക്കണം.പലപ്പോഴും ഇത്തരം കാര്യങ്ങളിൽ മാറിവരുന്ന സർക്കാരുകൾ കാട്ടുന്ന അലസത കേരളത്തിന്‍റെ വികസനത്തെ പിറകോട്ടടിക്കും .നഗരം കേന്ദ്രീകരിച്ചായതുകൊണ്ടാണ് വലിയ തടസങ്ങൾ ഇല്ലാതെ ആലുവ മുതൽ പാലാരിവട്ടം വരെ ഇപ്പോൾ മെട്രോ ഓടി തുടങ്ങിയത് .

ഇത്തരം പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കിയാൽ,അവ ലാഭകരമായാൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായം ഇനി വരാൻ പോകുന്ന പദ്ധതികൾക്ക് ലഭിക്കും .അതിനു ഇ ശ്രീധരനെപോലെ ഉള്ള കഴിവുള്ള ഒരാളിന്‍റെ നേതൃത്വവും അദ്ദേഹത്തിൽ തൊഴിലാളികൾക്കും സർക്കാരിനും ഉണ്ടായിരുന്ന വിശ്വാസമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ നാടിനു സമർപ്പിച്ച കൊച്ചി മെട്രോ.

ഇത്തരം പദ്ധതികൾ വിജയപ്രദമായി നടപ്പിലാക്കിയാൽ പ്രവാസികളുടെ ഭാഗത്തുനിന്ന് നിരവധി സഹായങ്ങൾ നമ്മുടെ നാടിനു ലഭിക്കും .പലപ്പോഴും പല പദ്ധതികളോടും പ്രവാസികൾ മുഖം തിരിച്ചു നിൽക്കുന്നതിനു കാരണം രാഷ്ട്രീയക്കാരുടെയും,ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും പിടിപ്പുകേടുകൊണ്ടാണ് .ആ ഒരു ചിന്താഗതി മാറണം.അതിനു സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉറപ്പുമാത്രം ലഭിച്ചാൽ പോരാ .സത്യസന്ധരായ ആളുകൾ ഇത്തരം പദ്ധതികൾക്ക് പിന്നിൽ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുവാനും സർക്കാരുകൾക്ക് സാധിക്കണം.

മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഇ. ശ്രീധരൻ ഇല്ല എന്ന് കേൾക്കുന്നു.അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിലും രണ്ടാം ഘട്ടം അഭിനന്ദനീയമായ രീതിയിൽ പണി തീർത്ത് ജനങൾക്ക് സമർപ്പിച്ചാൽ വലിയ മാറ്റങ്ങൾ വ്യവസായങ്ങൾക്കായുള്ള നിക്ഷേപ രംഗത്തു ഉണ്ടാകും .അതിനു ഫൊക്കാന പോലെ ഉള്ള സംഘടനകൾ സഹായത്തിനുണ്ടാകണം.നമ്മുടെ നാടിന്‍റെ വികസനത്തിൽ പങ്കാളികൾ ആകുന്നതോടൊപ്പം നാട്ടിൽ നിന്ന് നമുക്ക് വയവസായികമായ ഒരു നേട്ടം കൂടി ഉണ്ടാകുന്നു എന്ന് വന്നാൽ കൂടുതൽ ആളുകൾ കേരളത്തിന്‍റെ വികസന ധാരയിലേക്ക് വരും.അത് കേരളത്തിനും നമുക്കും നേട്ടമുണ്ടാകും.സംഘടനകൾ ഇത്തരത്തിലുള്ള സംഘാടനത്തിനും ഇനിയും ശ്രമിക്കാവുന്നതാണ്.
കൊച്ചി മെട്രോ സമയബന്ധിതമായി പണി പൂർത്തീകരിച്ചു നാടിനു സമർപ്പിക്കാൻ സജ്ജമാക്കിയ കേന്ദ്ര ,കേരളാ സർക്കാരുകൾക്കും ,മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.തുടർന്നും മലയാളികൾക്കെല്ലാം പ്രയോജനകരമാകുന്ന പദ്ധതികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായും മാധവൻ ബി നായർ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം