ന്യുയോർക്കിലെ രണ്ടാമത്തെ ക്നാനായ ദൈവാലയം റോക് ലാൻഡിൽ യാഥാർഥ്യത്തിലേക്ക്
Monday, June 19, 2017 1:10 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക് ലാൻഡിൽ സെന്‍റ് മേരീസ് ക്നാനായ മിഷന്‍റെ സ്വന്തമായ ദൈവാലയം എന്ന സ്വപനം പൂവണിയുന്നു. ന്യൂയോർക്ക് അതിരൂപതയിൽ നിന്നും റോക് ലാൻഡ് കൗണ്ടിയിൽ തന്നെ ഉള്ള ഹാവേർസ്ട്രൊയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരി ഓഫ് ദി അസംപ്ഷൻ എന്ന പള്ളിയാണ് റോക്ലാൻഡ് സെന്‍റ് മേരീസ് ക്നാനായ മിഷന് വേണ്ടി ലഭ്യമാകുന്നത്. ഇന്ന് മരിയൻ ഷ്രയിനിൽ ചേർന്ന പൊതുയോഗം ഐകകണ്ഠ്യമായി ഈ ദൈവാലയം സ്വന്തമാകുവാനുള്ള നടപടിക്രമങ്ങൾക്ക് അനുവാദം കൊടുക്കുകയും അതിനു ശേഷം പൊതുയോഗത്തിൽ പങ്കെടുത്തവർ പള്ളി സന്ദർശിക്കുകയും ചെയ്തു.

പന്ത്രണ്ടു വർഷങ്ങൾക്ക് മുന്പ് പത്തു മാസത്തോളം ഇതേ പള്ളി ക്നാനായ സമൂഹം വാടക നൽകികൊണ്ട് കുർബാന അർപ്പിക്കുവാനായി ഉപയോഗിച്ചിരുന്നു. പള്ളി വാങ്ങുന്നത് സംബന്ധിച്ച് രൂപതാ നേതൃത്വവുമായി ധാരണയിലെത്തിയിട്ടുണ്ട്. കൂടുതൽ നടപടിക്രമങ്ങൾ ഈ ആഴ്ചയിൽ തുടരും. പരിശുദ്ധ മാതാവിന്‍റെ നാമത്തിലുള്ള ക്നാനായ മിഷൻ, മാതാവിന്‍റെ നാമത്തിൽ തന്നെയുള്ള മനോഹരമായ ദൈവലായം സ്വന്തമാക്കുന്നു എന്നത് വലിയ ദൈവീക പരിപാലനയുടെയും ദൈവാനുഗ്രഹത്തിന്‍റെയും തെളിവാണ് എന്ന് മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പള്ളി, ദൈവാലയം സന്ദർശിക്കുവാനായി എത്തിയ ക്നാനായ സമുദായാംഗങ്ങളോടൊപ്പം ദൈവാലയത്തിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ അനുസ്മരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം