ഹൂസ്റ്റണിൽ എക്യുമെനിക്കൽ ബൈബിൾ കണ്‍വൻഷൻ ഭക്തിനിർഭരമായി
Wednesday, June 21, 2017 6:18 AM IST
ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കണ്‍വൻഷൻ ഭക്തി നിർഭരമായി. ജൂണ്‍ 16, 17 തീയതികളിൽ സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മർത്തോമാ ദേവാലയത്തിൽ വൈകിട്ട് 6 മുതൽ 9 വരെയായിരുന്നു യോഗങ്ങൾ. രക്ഷാധികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്താ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു.

റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പായുടെ പ്രസംഗങ്ങൾ ശ്രവിയ്ക്കുവാൻ വിശ്വാസികളെകൊണ്ട് ദേവാലയവും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. യോശുവായുടെ പുസ്തകം 20-ാം അധ്യായം ആധാരമാക്കി ആദ്യ സങ്കേത നഗരങ്ങളെക്കുറിച്ച് ഗഹനവും ചിന്തോദ്ദീപകവുമായ ദൂതുകൾ അച്ചൻ നൽകി. വിശുദ്ധി, സന്തോഷം, രക്തക്കോട്ട്, ഭുജം, കൂട്ടായ്മ, ഉന്നത രാജ്യം എന്നീ അനുഭവങ്ങൾ ഒരു ദൈവ പൈതൽ അനുഭവമാക്കണമെന്ന് പുതിയ നിയമ പശ്ചാത്തലത്തിൽ അച്ചൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ആത്മീയ ചൈതന്യം തുളുന്പുന്ന ഗാനങ്ങൾ ആലപിച്ച് സെബാൻ സാമിന്‍റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി യോഗങ്ങളിൽ സംബന്ധിച്ച് വൈദീകർക്കും വിശ്വാസ സമൂഹത്തിനും പ്രത്യേകിച്ച് ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക ഭാരവാ ഹികൾക്കും അനുഗ്രഹകരമായ കണ്‍വൻഷന്‍റെ നടത്തിപ്പിനായി സഹായിച്ച എല്ലാവർക്കും പബ്ലിക് റിലേഷൻ ഓഫീസർ റവ. കെബി. കുരുവിള നന്ദി പ്രകാശിപ്പിച്ചു. റവ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പായുടെ ആശീർവാദത്തോടെ കണ്‍വൻഷൻ സമാപിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി