മാർ ജോസഫ് പണ്ടാരശ്ശേരി മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ വി. ബലിയർപ്പിച്ചു
Thursday, June 22, 2017 7:33 AM IST
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദൈവാലയം സന്ദർശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടർന്ന് വി.അന്തോണിസിന്‍റെ നൊവേനയിലും മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തു. മോണ്‍ തോമസ് മുളവനാൽ സഹകാർമികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകൾക്കും അവസരങ്ങൾക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളർച്ചയിൽ നാം പങ്കാളികളാവണമെന്ന് വി.കുർബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തിൽ പിതാവ് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നിരവധി വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. കുർബാനയ്ക്കുശേഷം നടന്ന ഇടവക പ്രതിനിധി മീറ്റിങ്ങിലും പിതാവ് പങ്കെടുത്തു. ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപ്പോലിത്ത അഭി. മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് വികാരി മോണ്‍ തോമസ് മുളവനാൽ കോട്ടയത്തു വച്ചു നടന്ന ശവസംസ്കാര ചടങ്ങുകളെക്കുറിച്ച് വിവരിച്ചു.

ഹൃസ്വകാല സന്ദർശത്തിനായി അമേരിക്കയിൽ എത്തിയിരിക്കുന്ന പിതാവ് ജൂണ്‍ അവസാന വാരം ചിക്കാഗോ മോർട്ടണ്‍ഗ്രോവ് ക്നാനായ ദൈവാലയത്തിൽ വച്ച് നടക്കുന്ന ഫാമിലി കോണ്‍ഫറൻസിലും പങ്കെടുക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം