ഹൂസ്റ്റണ്‍ കേരള ഹൗസിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
Monday, June 26, 2017 8:09 AM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍, കേരളാ റൈറ്റേഴ്സ് ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ സ്റ്റാഫോർഡിലുള്ള മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ ആസ്ഥാനമന്ദിരമായ കേരളാ ഹൗസിൽ പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

മലയാളി അസോസിയേഷൻ പ്രസിഡന്‍റ് തോമസ് ചെറുകരയും കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് മാത്യു നെല്ലിക്കുന്നും സംയുക്തമായാണ് ഉദ്ഘാടനം നിർവഹിച്ചത്.

മലയാളി അസോസിയേഷനിലും കേരളാ റൈറ്റേഴ്സ് ഫോറത്തിലും ഭാരവാഹിയായ മാത്യു മത്തായി വെള്ളാമറ്റമാണ് ലൈബ്രേറിയൻ. മലയാളത്തിലേയും ഇംഗ്ലീഷിലേയും ഒരു നല്ല പുസ്തക ശേഖരം ലൈബ്രറിയിലുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അമേരിക്കയിലെ എഴുത്തുകാർക്കും പ്രസാധകർക്കും അവരുടെ കൃതികളൊ മറ്റ് കൃതികളൊ ഈ ലൈബ്രറി പുസ്തക ശേഖരത്തിലേക്ക് സംഭാവനയായി നൽകാവുന്നതാണെന്ന് സംഘാടകർ സൂചിപ്പിച്ചു.

ചടങ്ങിൽ മലയാളി അസോസിയേഷൻ സെക്രട്ടറി സുരേഷ് രാമകൃഷ്ണൻ, തോമസ് ചെറുകര, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ശശിധരൻ നായർ, എ.സി. ജോർജ്, മോട്ടി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.