ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 30-ന്
Monday, July 17, 2017 12:21 AM IST
ഷിക്കാഗോ: ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 മുതൽ 30 വരെ ആഘോഷിക്കുന്നു. 28-നു വെള്ളിയാഴ്ച വൈകുന്നേരം ഏഴിനു രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാനയും, ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണവും, നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

30-നു ഞായറാഴ്ച രാവിലെ പതിനൊന്നിനുള്ള ആഘോഷമായ തിരുനാൾ കുർബാനയിൽ ഭദ്രാവതി രൂപതാ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യകാർമികത്വം വഹിക്കുന്നതും, രൂപതയുടെ മുൻ വികാരി ജനറാളും മുൻ കത്തീഡ്രൽ വികാരിയും എംഎസ്ടി സഭയുടെ അമേരിക്ക- കാനഡ ഡയറക്ടറുമായ റവ .ഫാ. ആന്‍റണി തുണ്ടത്തിൽ, രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, രൂപതാ പ്രൊക്യുറേറ്റർ റവ.ഫാ. ജോർജ് മാളിയേക്കൽ, റവ.ഫാ. പോൾ ചാലിശേരി, വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, അസി. വികാരി റവ.ഫാ. ജയിംസ് ജോസഫ് എസ്.ഡി.ബി തുടങ്ങിയവർ സഹകാർമികരുമായിരിക്കും.

വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും ശേഷം വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. കുഞ്ഞച്ചൻ ആൻഡ് ജോയ് കൊച്ചുവീട്ടിലിന്‍റെ നേതൃത്വത്തിലുള്ള ചെണ്ടമേളം പ്രദക്ഷിണത്തിന് അകന്പടിയേകും. പ്രദക്ഷിണത്തിനുശേഷം പ്രസുദേന്തിമാർ ഒരുക്കുന്ന സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ അൽഫോൻസാ ഭക്തർക്ക് നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധയുടെ മാധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിലും, അസി. വികാരി റവ.ഫാ. ജയിംസ് ജോസഫും പ്രസുദേന്തിമാരും പ്രത്യേകമായി ക്ഷണിക്കുന്നു. തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് പാലാ- മീനച്ചിൽ താലൂക്ക് നിവാസികളാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം