മാർത്തോമ്മ യുവജനസഖ്യം പ്രവർത്തന പദ്ധതികൾക്ക് തുടക്കമായി
Monday, July 17, 2017 5:47 AM IST
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്‍റെ 2017-20 വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ചർച്ചിൽ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സിനോസ് നിർവഹിച്ചു.

സ്റ്റാറ്റൻ ഐലന്‍റ് മാർത്തോമ്മ യുവജനസഖ്യം ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഭദ്രാസന യുവജന സഖ്യം സെക്രട്ടറി അജുമാത്യു (ഡാളസ്) 2017-20 വർഷങ്ങളിലേക്കുള്ള നൂതനമായ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. "Christian Commitment to God’s mission’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഭദ്രാസന യുവജനസഖ്യം, Light to Life എന്ന ഭദ്രാസനത്തിന്‍റെ പുതിയ മിഷൻ പ്രോജക്റ്റിനെ പിന്തുണയ്ക്കുവാൻ കാണിക്കുന്ന താത്പര്യത്തെ ഫിലക്സിനോസ് ശ്ലാഘിച്ചു.

ഡോ.ഐസക് മാർ ഫിലക്സിനോസ് നയിക്കുന്ന നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം കൗണ്‍സിലിൽ റവ. ഡെന്നി ഫിലിപ്പ്(ഭദ്രാസന സെക്രട്ടറി), റവ.സജു ബി. ജോണ്‍ (ഭദ്രാസന യുവജനസഖ്യം ഉപാധ്യക്ഷൻ), അജു മാത്യു (സെക്രട്ടറി), ലിബു കോശി (ട്രഷറർ), റോജിഷ് സാമുവേൽ (ഭദ്രാസന അസംബ്ലിയിലേക്കുള്ള പ്രതിനിധി) എന്നിവർ പ്രവർത്തിക്കുന്നു. യുവധാര പ്രസിദ്ധീകരണം, മിഷൻ ബോർഡ് പ്രവർത്തനങ്ങൾ, Light to Life എന്ന കാരുണ്യ പദ്ധതി, യുവജന സമ്മേളനങ്ങൾ എന്നീ പ്രവർത്തനങ്ങളിലൂടെ വരുന്ന 3 വർഷങ്ങളിൽ ദൗത്യത്തിന്‍റെ പുതിയ ചക്രവാളങ്ങൾ ദൈവരാജ്യത്തിനു സംഭാവന ചെയ്യുവാൻ പുതിയ ഭദ്രാസന യുവജനസഖ്യം കൗണ്‍സിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. പുതിയ പ്രവർത്തനങ്ങൾക്ക് മുൻ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജിജി ടോം, മുൻ ഭദ്രാസന യുവജനസഖ്യം കൗണ്‍സിൽ അംഗം ലിജി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

ഭദ്രാസന യുവജനസഖ്യത്തിന്‍റെ ഉപാധ്യക്ഷൻ റവ.സജു ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റവ. റെനി ഏബ്രഹാം, ഭദ്രാസന യുവജനസഖ്യം ട്രഷറർ ലിബു കോശി, ഭദ്രാസന സെക്രട്ടറി റവ.ഡെന്നി ഫിലിപ്പ്, ഭദ്രാസന യുവജന സഖ്യത്തിന്‍റെ ഭദ്രാസന അസംബ്ലിയിലേക്കുള്ള പ്രതിനിധി റോജിഷ് സാമുവേൽ (ഫിലാഡൽഫിയ), മുൻ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, സ്റ്റാറ്റൻ ഐലന്‍റ് മാർത്തോമ്മ ചർച്ച് വികാരി റവ.റെനി ഏബ്രഹാം, എപ്പിഫനി മാർത്തോമ്മ ചർച്ച് വികാരി റവ. റെനി ഏബ്രഹാം, എപ്പിഫനി മാർത്തോമ്മ ചർച്ച് വികാരി റവ.ജോജി തോമസ്, ഭദ്രാസന യുവജന സഖ്യത്തിലെ നിരവധി അംഗങ്ങളും മുൻകാല പ്രവർത്തകരും പങ്കെടുത്തു.