ആരിസോണയിൽ ഓണാഘോഷം "ആർപ്പോ 2017' ഓഗസ്റ്റ് 19 ന്
Tuesday, July 18, 2017 5:58 AM IST
ഫീനിക്സ്: ആരിസോണയിലെ പ്രവാസി സമൂഹം കെഎച്ച്എയൂടെ ആഭിമുഖ്യത്തിൽ "ആർപ്പോ 2017' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19ന് എഎസ്യു പ്രീപൈറ്ററി അക്കാഡമി ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ൽ ആണ് പരിപാടികൾ. പൂവിളിയുടെ അകന്പടിയോടെ പൂക്കളമിടുന്നതോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും. നൂറിലധികം വനിതകൾ പങ്കെടുക്കുന്ന മഹാതിരുവാതിരകളിക്ക് അനിത പ്രസീദ്, മഞ്ജു രാജേഷ്, ദിവ്യ അനൂപ്, അഞ്ജു നായർ എന്നിവർ നേതൃത്വം നൽകും. തുടർന്ന് ഇരുപതിലധികം വിഭവങ്ങളോട് കൂടിയ വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയിൽ വിളന്പും.

ഉച്ചകഴിഞ്ഞ് രണ്ടിന് കേരളത്തിന്‍റെ പരന്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയും മഹാബലിക്ക് വരവേല്പും നൽകും. തുടർന്ന് നടക്കുന്ന കലാവിരുന്നിൽ ആരിസോണയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നൂറ്റിയന്പതിലധികം കലാകാരൻമാർ പങ്കെടുക്കും. വിവിധ നാട്യകലാക്ഷേത്രങ്ങളിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്തനിർത്യങ്ങൾ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

ഓണാഘോഷപരിപാടിയിൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ ജൂലൈ 22 വരെ അവസരം ഉണ്ടായിരിക്കുമെന്ന് മുഖ്യ സംഘാടകരായ അരുണ്‍കൃഷ്ണൻ, സഞ്ജീവൻ എന്നിവർ അറിയിച്ചു.

ഓണാഘോഷത്തിന്‍റെ നല്ലരീതിയിലുള്ള നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരികയാണെന്നും ആരിസോണയിലെ മലയാളി സമൂഹത്തിന് ഗൃഹാതുരത്തിന്‍റെ ഓർമകളുണർത്തുന്ന വിവിധ പരിപാടികൾ ഓണാഘോഷത്തിന്‍റെ ഭാഗമായിരിക്കുമെന്നും മുഖ്യസംഘടകനായ സുരേഷ് നായർ (ബാബു തിരുവല്ല) പറഞ്ഞു.

ഈ വർഷത്തെ ഓണാഘോഷപരിപാടിയുടെ "ആർപ്പോ 2017" ന്‍റെ ഭാഗമാകാൻ പ്രത്യേകം ക്ഷണിക്കുന്നതായി സുധീർ കൈതവന (പ്രസിഡന്‍റ്) ജോലാൽ കരുണാകരൻ (വൈസ്പ്രസിഡന്‍റ്), ദിലീപ് സഹദേവൻ പിള്ള (ട്രസ്റ്റീ), രാജേഷ് ഗംഗാധരൻ (ജനറൽ സെക്രട്ടറി) എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: മനു നായർ