മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
Tuesday, July 18, 2017 6:07 AM IST
ഹൂസ്റ്റണ്‍: കേരളത്തിൽ ഐഎൻഎയുടെയും യുഎൻഎയുടെയും നേതൃത്വത്തിൽ നഴ്സുമാർ നടത്തിവരുന്ന സമരത്തിന് പിന്തുണ

അറിയിക്കുന്നതോടൊപ്പം ഇവരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കണമെന്ന് മാനേജ്മെന്‍റിനോടും കേരള ഗവണ്‍മെന്‍റിനോടും ആവശ്യപ്പെടുന്ന പ്രമേയം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ ഐക്യകണ്ഠേന പാസാക്കി.

നാലര വർഷത്തോളം ലക്ഷക്കണക്കിന് രൂപ ഫീസ് ഈടാക്കിക്കൊണ്ട് പൂർത്തിയാക്കുന്ന ബിഎസ്സി നഴ്സിംഗ്, മൂന്നരവർഷംകൊണ്ട് പൂർത്തിയാക്കുന്ന ജനറൽ നഴ്സിംഗ് എന്നിവ വിജയകരമായി പൂർത്തിയാക്കിയതിനുശേഷമാണ് ഓരോ ഉദ്യോഗാർഥിയും ജോലിയിൽ പ്രവേശിക്കുന്നതെങ്കിലും ബോണ്ടിന്േ‍റയും ട്രെയിനിംഗിന്‍റെയും പേരുപറഞ്ഞ് കുറഞ്ഞ ശന്പളത്തിൽ ഒന്നും രണ്ടും വർഷം ഇവരെ ജോലിചെയ്യിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവന്നത് റഫറൻസിന്‍റെയും ക്രെഡൻഷ്യലിന്‍റെയും പേപ്പർവർക്കും ഇൻഫോർമേഷനും മറ്റും മാനേജ്മെന്‍റുകളുടെ താത്പര്യങ്ങൾക്കനുസരിച്ചായിരിക്കും എന്നതിനാലാണ്.

ഈ സാഹചര്യത്തിലാണ് യാതൊരുവിധത്തിലുമുള്ള സംഘടനാ പ്രവർത്തനങ്ങളും ഇല്ലാതിരുന്ന ഈ മേഖലകളിൽ ഐഎൻഎ യുടെയും യുഎൻഎയുടെയും നേതൃത്വത്തിൽ നഴ്സുമാർ സംഘടിച്ചതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ