നാഫാ അവാർഡ് നൈറ്റ് 22 ന്
Tuesday, July 18, 2017 6:18 AM IST
ന്യൂയോർക്ക്: ഫ്ളവേഴ്സ് ടിവിയും ഫ്രീഡിയ എന്‍റർടൈൻമെന്‍റും സംയുക്തമായി നടത്തുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റ് (നാഫ) ജൂലൈ 22ന് (ശനി) നടക്കും. ബ്രോങ്ക്സ് ലീമാൻ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

മികച്ച നടനുള്ള പുരസ്കാരം നിവിൻ പോളിയും നടിക്കുള്ള പുരസ്കാരം മഞ്ജു വാര്യർക്കും സമ്മാനിക്കും. മഹേഷിന്‍റെ പ്രതികാരം ആണ് മികച്ച സിനിമ. കമ്മട്ടിപ്പാടം സംവിധാനം ചെയ്ത രാജീവ് രവിയാണ് മികച്ച സംവിധായകൻ.

ജേക്കബിന്‍റെ സ്വർഗരാജ്യം, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളിലെ മികച്ച പ്രകടനം നിവിൻ പോളിയെ മികച്ച നടനുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തപ്പോൾ വേട്ട, കരിങ്കുന്നം സിക്സ് എന്നീ സിനിമകളിലെ അഭിനയമാണ് മഞ്ജുവാര്യർക്ക് തുണയായത്.

ബോബൻ കുഞ്ചാക്കോ (സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ), വിനയ് ഫോർട്ട്, നീരജ് മാധവ് (സ്പെഷൽ ജൂറി അവാർഡ്), ഡിലീഷ് പോത്തൻ (മികച്ച നവാഗത സംവിധായകൻ, ചിത്രം മഹേഷിന്‍റെ പ്രതികാരം) വിനായകൻ (ഒൗട്ട് സ്റ്റാൻഡിംഗ് പെർമോൻസ്), ജോജോ ജോർജ് (മികച്ച സ്വഭാവ നടൻ), ബിജു മേനോൻ (ജനപ്രിയ നടൻ), രഞ്ജിപണിക്കർ (മികച്ച സഹനടൻ), ആശ ശരത് (മികച്ച സഹനടി), ടൊവിനോ തോമസ് (മികച്ച നവാഗത പ്രതിഭ), അപർണ ബാലമുരളി (മികച്ച നവാഗത പ്രതിഭ), ആഷിക് അബു (മികച്ച സിനിമ), ശ്യാം പുഷ്കരൻ (മികച്ച തിരക്കഥാകൃത്ത്), ഷൈജു ഖാലിദ് (മികച്ച ഛായാഗ്രഹകൻ), സോബിൻ സാഹീർ (മികച്ച ഹാസ്യനടൻ), അജു വർഗീസ് (മികച്ച എന്‍റർടൈനർ), ചെന്പൻ വിനോദ് (മികച്ച വില്ലൻ), ഉണ്ണിമേനോൻ (മികച്ച ഗായകൻ), വാണി ജയറാം (ഗായിക), ബിജുബാൽ (സംഗീത സംവിധായകൻ) എന്നിവരേയും മലയാളി സിനിമയിലെ കാരണവരായ മധുവിനേയും ഷീലയേയും ചടങ്ങിൽ ആദരിക്കും.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് സിനിമാതാരങ്ങൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, ഉണ്ണിമേനോനും വാണി ജയറാമും നയിക്കുന്ന ഗാനമേള, രമേഷ് പിഷാരടി നേതൃത്വം നൽകുന്ന ഹാസ്യകലാവിരുന്ന് എന്നിവയും അരങ്ങേറും.

വിവരങ്ങൾക്ക്: ആനി ലിബു 347 640 1295, രാജു 516 348 4755, www.nafaawards.com

റിപ്പോർട്ട്: ഷോളി കുന്പിളുവേലി