ലാസ് വേഗസ് അഭിഷേകാഗ്നി കണ്‍വൻഷൻ: ഒരുക്കങ്ങൾ പൂർത്തിയായി
Thursday, July 20, 2017 3:04 AM IST
ലാസ് വേഗസ്: പാപ നഗരമെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലാസ് വേഗസിലേക്കു തിരുവചനത്തിന്‍റെ അഭിഷേകവുമായി സെഹിയോൻ മിനിസ്ട്രി എത്തുന്നു. നാളുകളായുള്ള പ്രാർത്ഥനാപൂർവമായ കാത്തിരിപ്പിനൊയുവിലാണ് ലാസ് വേഗസ് നഗരം കണ്‍വൻഷനു വേദിയൊരുങ്ങുന്നത്. അത്മാവിന്‍റെ അഗ്നിശുദ്ധീകരണം ലാസ്വേഗസ് നിവാസികൾക്ക് ഒരു പുതിയ ആത്മീയാനുഭവമാകുന്നതിന് വേണ്ട ഒരുക്കങ്ങൾ ഫാ. തോമസ് മങ്ങാട്ട് വിസിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പൂർത്തീകരിച്ചിട്ടുണ്ട്.

സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ടീമിൽ പ്രശസ്ത വചനപ്രഘോഷകരായ ഫാ. സോജി ഓലിക്കൽ, ഫാ. സാജു ഇലഞ്ഞിയിൽ എന്നിവരും പങ്കുചേരും. യുവജനങ്ങൾക്കുവേണ്ടിയുള്ള ധ്യാനം നയിക്കുക സെഹിയോൻ യൂത്ത് മിനിസ്ട്രി ടീമിലെ ഐനിഷ് ഫിലിപ്പാണ്.

മുതിർന്നവർ, യുവജനങ്ങൾ, കൗമാരക്കാർ, കുട്ടികൾ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുക്കുന്ന കണ്‍വൻഷന് വേദിയൊരുങ്ങുന്നത് ലാസ്വേഗസിലെ ഏറ്റവും വലിയ കണ്‍വൻഷൻ സെന്‍ററുകളിലൊന്നായ അലക്സിസ് പാർക്ക് റിസോർട്ടാണ്. കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യവും റിസോർട്ടിൽ തന്നെ സംഘാടകർ പ്രത്യേകം സജീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആറംതീയതി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കണ്‍വൻഷൻ ഒന്പതാം തീയതി വൈകുന്നേരം അവസാനിക്കും. ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യാരാധന എന്നിവ കണ്‍വൻഷൻ പരിപാടികൾ കൂടുതൽ സജീവമാക്കും.

അഭിവന്ദ്യ ബിഷപ്പുമാരായ മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ മുഖ്യ രക്ഷാധികാരികളായുള്ള കണ്‍വൻഷന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ട ചുമതല നിർവഹിക്കുന്നത് ഫാ. തോമസ് മങ്ങാട്ട് വിസിയുടെ നേതൃത്വത്തിൽ ബെന്നി പോൾ, ജേക്കബ് ജോസഫ്, റോയി തച്ചിൽ, ജെയ്സണ്‍ തെള്ളി എന്നിവർ അടങ്ങുന്ന സംഘാടക സമിതിയാണ്. ധ്യാന പരിപാടികളുടെ സന്പൂർണ വിജയം ലക്ഷ്യമാക്കി പ്രാർഥനാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർഥനകൾ നടന്നുവരുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ബെന്നി പോൾ 702 374 3210, ജേക്കബ് ജോസഫ് 702 449 8222.

റിപ്പോർട്ട്: മാത്യു ജോസ്