ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍റർ ഉദ്ഘാടനം ചെയ്തു
Friday, July 21, 2017 4:26 AM IST
ന്യൂയോർക്ക്: ആഗോള മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ അഭിമാനമായ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍റർ ജൂലൈ 15ന് ഉദ്ഘാടനം ചെയ്തു. കലഹാരി കണ്‍വൻഷൻ സെന്‍ററിൽ നടന്ന ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം തുടർന്ന് കൂദാശ കർമവും നിർവഹിച്ചു.

അമേരിക്കയിൽ 340 ഏക്കറിൽ പരന്നു കിടക്കുന്ന പ്രകൃതിരമണീയവും ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ റിട്രീറ്റ് സെന്‍റർ പെൻസിൽവേനിയ സംസ്ഥാനത്തെ പോക്കണോസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ചാപ്പൽ, ലൈബ്രററി, കോണ്‍ഫറൻസ് മുറികൾ, ക്ലാസ്മുറികൾ, ഓഫീസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്‍ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്.

ഉദ്ഘാടന പ്രസംഗത്തിൽ റിട്രീറ്റ് സെന്‍റർ മലങ്കര സഭയുടെ അഭിമാനമാണെന്ന് പറഞ്ഞ കാതോലിക്ക ബാവ ഈ മഹദ് പ്രവർത്തനത്തിൽ പിന്നിൽ പ്രവർത്തിച്ചവരെ അനുമോദിച്ചു. ഈ ഭദ്രാസനത്തിന്‍റെ ഉത്തരോത്തരമായ വളർച്ചയിൽ ഭദ്രാസന ജനങ്ങളോടൊപ്പം താനും ആഹ്ലാദിക്കുന്നതായും ദൈവകൃപ എല്ലാവർക്കും മേൽ ചൊരിയട്ടെയെന്നും പരി. ബാവ കൂട്ടിച്ചേർത്തു.

സ്ക്രാന്‍റണ്‍ രൂപത ബിഷപ് ജോസഫ് സി. ബാംപെര അനുമോദന പ്രസംഗത്തിൽ, തങ്ങളുടെ കൈവശമിരുന്ന ഈ സെമിനാരി അതിനു യോജ്യമായ കരങ്ങളിൽ എത്തിപ്പെട്ടതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ്, സെന്‍റ് ടിക്കോണ്‍സ് സെമിനാരി ഡീൻ റവ. സ്റ്റീവൻ എ. വോയ്റ്റോവിച്ച്, ഭദ്രാസന സെക്രട്ടറി ഫാ. സുജിത്ത് തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. ജോഷ്വാ മാർ നിക്കോദീമസ്, സെന്‍റ് വ്ളാദിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രസിഡന്‍റ് റവ. ഡോ. ചാഡ് ഹാറ്റ്ഫീൽഡ്, വൈദിക ട്രസ്റ്റി റവ.ഡോ. എം.ഒ. ജോണ്‍, അത്മായ ട്രസ്റ്റി ജോർജ് പോൾ, സെന്‍റ് ടിക്കോണ്‍സ് തിയോളജിക്കൽ സെമിനാരി പ്രഫസർ ഡോ. ക്രിസ്റ്റഫർ വെന്യാമിൻ, കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രഫസർ റവ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടിൽ, വെസ്റ്റ് അബിങ്ടണ്‍ ടൗണ്‍ഷിപ്പ് ടൗണ്‍ സൂപ്പർവൈസർ കെന്നത്ത് ക്ളിൻകെൽ, ഡാൽട്ടൻ ടൗണ്‍ഷിപ്പ് കൗണ്‍സിൽ പ്രസിഡന്‍റ് ഗുസ് വ്ളാസിസ്, കൗണ്‍സിൽ വൈസ് പ്രസിഡന്‍റ് വില്യം മോണ്ട്ഗോമറി, കൗണ്‍സിൽമാൻ കൈൽ ബ്രൗണ്‍, കൗണ്‍സിൽ വുമണ്‍ ലൊറെയ്ൻ ഡാനിയേൽസ് എന്നിവരും ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയോടൊപ്പം റിട്രീറ്റ് സെന്‍റർ വാങ്ങുന്നതിനുവേണ്ടി നേതൃത്വം നൽകിയ സ്ഥാനമൊഴിഞ്ഞ ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ ഫാ. എം. കെ. കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി), ഫാ. ഷിബു ഡാനിയേൽ, ഫാ. ലീസണ്‍ ഡാനിയേൽ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കെ. വറുഗീസ്, അജിത് വട്ടശേരിൽ, ഡോ. സാഖ് സക്കറിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പുതിയതായി സ്ഥാനമേറ്റ ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ ഫാ. സുജിത്ത് തോമസ് (സെക്രട്ടറി), ഫാ. ബാബു കെ. മാത്യു, ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ