ഫാമിലി കോണ്‍ഫറൻസിന് ആത്മനിറവോടെ സമാപനം
Friday, July 21, 2017 4:27 AM IST
പോക്കണോസ് (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിന് ആത്മനിറവോടെ പര്യവസാനം. ജൂലൈ 12ന് ആരംഭിച്ച കുടുംബസംഗമം 15ന് വിശുദ്ധമായ കുർബാനയോടെ സമാപിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിറ സാന്നിധ്യം കോണ്‍ഫറൻസിന് ഉൗർജ്ജവും ഉേ·ഷവും നൽകി. കോണ്‍ഫറൻസിന്‍റെ സമാപനദിനം അതിരാവിലെ 6.30-ന് നമസ്കാരങ്ങളോടെ സമാരംഭിച്ചു. തലേന്ന് വിശുദ്ധ കുന്പസാര ശുശ്രൂഷയിൽ പങ്കെടുത്തവരും ഹൂസോയോ പ്രാപിച്ചവരുമായ നിരവധി വൈദികരും വിശ്വാസികളും നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഭദ്രാസന മെത്രാപ്പോലീത്തയും പുരോഹിത·ാരും സഹകാർമികരായിരുന്നു.

സമാപന സമ്മേളനത്തിൽ സഖറിയ മാർ നിക്കോളോവോസ് അധ്യക്ഷത വഹിച്ചു. നാലുദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ കാതോലിക്ക ബാവയുടെ സാന്നിധ്യം എല്ലാവർക്കും അനുഗ്രഹീതമായ ഉൗർജം നൽകിയെന്നും ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ പരിശുദ്ധ സഭയ്ക്കായി വാങ്ങിയ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിന്‍റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്ക ബാവയെ കൊണ്ടു തന്നെ നടത്തിക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് പരിശുദ്ധ പിതാവിനെ നിർബ്ബന്ധപൂർവ്വം ക്ഷണിക്കേണ്ടി വന്നതെന്ന് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു.

സാധാരണ ഗതിയിൽ അമേരിക്കയിലേക്കുള്ള യാത്രകൾ കുറയ്ക്കണമെന്ന തീരുമാനത്തിലാണ് താനെങ്കിലും ഇവിടുത്തെ സഭാ മക്കളെ കാണാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും ഭദ്രാസനം സ്വന്തമായി വാങ്ങിയ സെമിനാരിയും സ്ഥലവും ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണെന്നും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ വളർച്ചയിൽ താൻ അതീവ സന്തുഷ്ടനാണെന്നും കാതോലിക്ക ബാവ അറിയിച്ചു.

ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ ഭദ്രാസന കൗണ്‍സിൽ അംഗങ്ങളായ ഫാ. എം. കെ. കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി), ഫാ. ഷിബു ഡാനിയേൽ, ഫാ. ആൻഡ്രൂ (ലീസണ്‍) ഡാനിയേൽ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കെ. വറുഗീസ്, അജിത് വട്ടശേരിൽ, ഡോ. സാഖ് സക്കറിയ, ബോർഡ് ഓഫ് ട്രസ്റ്റി അംഗം വറുഗീസ് പോത്താനിക്കാട് എന്നിവരുടെ ത്യാഗോജ്വലമായ പ്രവർത്തനപാടവത്തെ ശ്ലാഘിക്കുകയും റിട്രീറ്റ് സെന്‍റർ വാങ്ങുന്നതിനുള്ള പ്രക്രിയയിൽ സജീവ സാന്നിധ്യമായിരുന്ന ഇവരെ അനുമോദിക്കുകയും ചെയ്തു.

യോഗത്തിൽ കോണ്‍ഫറൻസിന്‍റെ നാലു ദിവസത്തെ പരിപാടികളെ അവലോകനം ചെയ്തു. ഫിലിപ്പ് തങ്കച്ചൻ (ഡോവർ സെന്‍റ് തോമസ്), അലക്സ് ജോണ്‍ (ലിൻഡണ്‍ സെന്‍റ് മേരീസ്), മാർഷലിൻ വിൻസെന്‍റ് (ടൊറന്‍റൊ സെന്‍റ് ഗ്രിഗോറിയോസ്) എന്നിവർ തങ്ങളുടെ അനുഭവം സദസുമായി പങ്കിട്ടു. കലഹാരി റിസോർട്ട് എല്ലാവർക്കും ഹൃദ്യമായെന്നും ഇനിയും അവിടെ തന്നെ കോണ്‍ഫറൻസ് നടത്തുന്നതിൽ തെറ്റില്ലെന്നും പൊതുവേ അഭിപ്രായമുണ്ടായി. കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷീണം പ്രവർത്തിച്ച് കോണ്‍ഫറൻസ് വിജയമാക്കിയ വിവിധ സബ് കമ്മിറ്റികൾക്കും അണിയറയിലും അല്ലാതെയും പ്രവർത്തിച്ച എല്ലാവർക്കും നിക്കോളോവോസ് മെത്രാപ്പോലീത്ത നന്ദി പറഞ്ഞു.

കോണ്‍ഫറൻസിലെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തിയ സ്ലൈഡ് ഷോ പ്രദർശനവും നടന്നു. ബിബിൻ മാത്യുവാണ് ഇതു ക്രമീകരിച്ചത്.

കോണ്‍ഫറൻസ് ഭക്ഷണസമയങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബാലൻ എബിൻ ലൂക്കോസിനെ കാതോലിക്ക ബാവ പ്രത്യേകമായി അഭിനന്ദിച്ചു.

വ്യാഴാഴ്ച നടന്ന കായികമത്സരത്തിൽ വടം വലി മത്സരത്തിൽ വിജയിച്ച ടീമിനു വേണ്ടി സജി താമരവേലിൽ കാതോലിക്ക ബാവയിനിന്നും റോളിംഗ് ട്രോഫി ഏറ്റു വാങ്ങി. പ്രധാന പ്രാസംഗികർക്കും സൂപ്പർ സെഷനുകൾക്ക് നേതൃത്വം നൽകിയവർക്കും ബാവ പ്രശംസ ഫലകം നൽകി ആദരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കോഓർഡിനേറ്റർ റവ.ഡോ. വറുഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ ജീമോൻ വറുഗീസ് എന്നിവരുടെ മികച്ച പ്രവർത്തനഫലമായി ഈ കോണ്‍ഫറൻസിന്‍റെ വിജയത്തെ കാണേണ്ടിയിരിക്കുന്നുവെന്ന് മാർ നിക്കോളോവോസ് അനുസ്മരിച്ചു.

അടുത്ത വർഷത്തെ കോർഡിനേറ്ററായി റവ. ഡോ.വറുഗീസ് എം. ഡാനിയേലിനെയും ജനറൽ സെക്രട്ടറിയായി ജോർജ് തുന്പയിലിനെയും വീണ്ടും നിയമിക്കുന്നതോടൊപ്പം രണ്ടു വർഷം പൂർത്തിയാക്കിയ ജീമോൻ വറുഗീസിനു പകരം മാത്യു വറുഗീസിനെ (ബേബി, എൽമോണ്ട് സെന്‍റ് ഗ്രിഗോറിയോസ് ചർച്ച്) ട്രഷററായും സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത നിയമിച്ചു. കോഓർഡിനേറ്റർ റവ.ഡോ. വറുഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ എന്നിവർ പ്രസംഗിച്ചു.