ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയ കൂദാശ; ഒരുക്കങ്ങൾ പൂർത്തിയായി
Friday, July 21, 2017 4:32 AM IST
ഹൂസ്റ്റണ്‍: സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക ഷുഗർലാൻഡിൽ പുതുതായി വാങ്ങിയ ദേവാലയത്തിന്‍റെ കൂദാശ ജൂലൈ 21, 22 (വെള്ളി, ശനി) തീയതികളിൽ നടക്കും. ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മോർ യൗസേബിയോസ് മുഖ്യ കാർമികത്വം വഹിക്കും. റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് സഹകാർമികനായിരിക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും നിരവധി വൈദിക ശ്രേഷ്ഠർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വികാരി റവ. പി.എം. ചെറിയാൻ, ജനറൽ കണ്‍വീനർ തോമസ് വർഗീസ് എന്നിവർ അറിയിച്ചു.

21ന് വൈകുന്നേരം അഞ്ചിന് വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽനിന്നും വാദ്യമേളങ്ങളുടെ അകന്പടിയോടെ പള്ളിയിലേക്ക് ആനയിക്കും. വികാരി റവ. പി.എം. ചെറിയാൻ, റിസപ്ക്ഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. ആറിന് അലക്സിയോസ് മോർ യൗസേബിയോസിന്‍റെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരം, തുടർന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം. രാത്രി ഭക്ഷണത്തോടെ ആദ്യദിന പരിപാടികൾക്കു സമാപ്തിയാകും.

22ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ച് വിശുദ്ധ കുർബാനയോടുകൂടെ സമാപിക്കും. 12.30ന് നടക്കുന്ന പൊതുസമ്മേളനം റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. അലക്സിയോസ് മോർ യൌസേബിയോസ് അധ്യക്ഷത വഹിക്കും. ഷുഗർലാൻഡ് സിറ്റി മേയർ ജോ ആർ. സിമ്മർമാൻ (Mayer, ctiy of Sugarland Joe R. Zimmerman), ഇന്ത്യൻ വൈസ് കോണ്‍സൽ (പിഎസ്ഒ) എ.ഡി. ജോഷി (Indian vice counsel (P.S.O)R.D. Joshi), സ്റ്റാഫോഡ് സിറ്റി കൗണ്‍സൽ അംഗം കെൻ മാത്യു (ഗലി ങമവേലം), മിസൗറി സിറ്റി കണ്‍സിൽ മുൻ അംഗം റോബിൻ ഇലയ്ക്കാട്ട് (Robin Elackatt) തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ അലക്സിയോസ് മോർ യൗസേബിയോസ് സുവനീർ പ്രകാശനം നിർവഹിക്കും. ഫാ. ജോണ്‍ ഗീവർഗീസ് ആദ്യ പതിപ്പ് ഏറ്റു വാങ്ങും. ഉച്ച ഭക്ഷണത്തോടെ കൂദാശാ കർമ്മങ്ങൾക്കു പരിസമാപ്തി കുറിക്കും.

വിലാസം: 9915 Belknap Road, Sugar land, Tx-77498.

റിപ്പോർട്ട്: ജീമോൻ റാന്നി