അമേരിക്കൻ മലങ്കര അതിഭദ്രാസന മുപ്പത്തിയൊന്നാമത് കുടുംബമേള സമാപിച്ചു
Wednesday, July 26, 2017 6:05 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ എലൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വച്ചു നടന്ന നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു.

വിശ്വാസ തീഷ്ണതയിൽ അടിയുറച്ച സഭാവിശ്വാസത്തിന്‍റേയും ആത്മവിശുദ്ധിയുടേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാർന്ന ആശയങ്ങൾ കൊണ്ടും, ആത്മീയത നിറഞ്ഞുനിന്ന പ്രോഗ്രാമുകൾ കൊണ്ടും ഏറെ സന്പന്നമായിരുന്നു. ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ അഭി. യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മേൽനോട്ടവും സംഘാടകരുടെ മികച്ച ആസൂത്രണവും കുടുംബമേളയുടെ വിജയത്തിനു കാരണമായി.

കോണ്‍ഫറൻസിന്‍റെ ആദ്യ ദിനത്തിൽ നടത്തിയ പ്രതിനിധി സമ്മേളനത്തിൽ ഭദ്രാസനത്തിന്‍റെ അഭിവൃദ്ധിക്കും, വളർച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമവും, പൊതുജന ന·യും ലക്ഷ്യമാക്കി ആരംഭിക്കുവാനുദ്ദേശിക്കുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് അന്തിമരൂപം നൽകി. അന്ത്യോഖ്യാ സിംഹാസനത്തോടും, പരിശുദ്ധ പാത്രിയർക്കീസ് ബാവയോടും, ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഇടവക മെത്രാപ്പോലീത്തയോടും, മലങ്കരയിലെ എല്ലാ മെത്രാന്മാരോടുമുള്ള സ്നേഹവും, വിധേയത്വവും, കൂറും ആവർത്തിച്ച് പ്രഖ്യാപിക്കുന്ന പ്രമേയം റവ. ഗീവർഗീസ് സി. തോമസ് കോർ എപ്പിസ്ക്കോപ്പാ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

അഭി. ഡോ. എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്താ നിലവിളക്കു കൊളുത്തി കുടുംബമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവർഗീസ് ജേക്കബ്ബ് സ്വാഗതമാശംസിച്ചു. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നും വന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ നാലുദിവസം നീണ്ടുനിന്ന കുടുംബമേളയിൽ പങ്കെടുത്തു.

'എന്നിൽ വസിപ്പിൻ, ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നുവെങ്കിൽ അവൻ വളരെ ഫലം കായ്ക്കും യോഹന്നാൻ 15: 4’5' എന്ന സെമിനാറിന്‍റെ ചിന്താവിഷയത്തെ ആസ്പദമാക്കി, പ്രഗത്ഭ വാഗ്മിയും, പ്രശസ്ത സുവിശേഷ പ്രാസംഗികനുമായ റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നടത്തി.

ന്ധകാൽവരിയിലെ ക്രൂശുമരണംന്ധ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ജേക്കബ് ചാലിശ്ശേരി കോർ എപ്പിസ്കോപ്പാ നടത്തിയ ധ്യാനവും മാനസാന്തരപ്പെട്ടു നല്ല ഫലങ്ങളെ കായ്ക്കുക എന്ന വിഷയത്തെപ്പറ്റിയുള്ള വിശദമായ ക്ലാസും വിശ്വാസികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.

കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയത നിലനിർത്തി, മികവുറ്റ രചനകൾ, സഭാ ചരിത്ര വിവരങ്ങൾ, വർണ്ണ ചിത്രങ്ങൾ തുടങ്ങി വിവിധയിനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ 'മലങ്കര ദീപം 2017 ' ന്‍റെ പ്രകാശന കർമ്മവും നടത്തപ്പെട്ടു. അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദീകരുടേയും, കൗണ്‍സിൽ അംഗങ്ങളുടേയും നേതൃത്വത്തിൽ, കുട്ടികളും യുവജനങ്ങളും, സ്ത്രീപുരുഷ·ാരും ഒരുമിച്ചു അണിനിരന്നു നടത്തിയ വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര അവിസ്മരണീയമായി.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ടയനുസരിച്ച് പുരുഷ·ാർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പ്രോഗ്രാമുകൾ, ധ്യാന യോഗങ്ങൾ, സെമിനാറുകൾ, യാമപ്രാർത്ഥനകൾ, ചർച്ചാ വേദികൾ, വിവിധങ്ങളായ കലാപരിപാടികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചു ക്രമീകരിച്ച ഈ കുടുംബ സംഗമത്തിന് ശനിയാഴ്ച വി. കുർബ്ബാനയോടെ സമാപനമായി.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ