ഷിക്കാഗോ എക്യൂമെനിക്കൽ വോളിബോൾ കിരീടം ക്നാനായ ചർച്ച് നേടി
Wednesday, July 26, 2017 6:47 AM IST
ഷിക്കാഗോ: ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ക്നാനായ എ ടീം, ക്നാനായ ബി ടീമിനെ പരാജയപ്പെടുത്തി എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസിന്‍റെ ഏഴാമത് വോളിബോൾ കിരീടം കരസ്ഥമാക്കി. ഷിക്കാഗോയിലുള്ള 15 ചർച്ചുകളിൽ നിന്ന് വിവിധ ടീമുകൾ ഈ ടൂർണമെന്‍റിൽ പങ്കെടുത്തു. ജൂലൈ 16നു ഞായറാഴ്ച ഡെസ്പ്ലെയിൻസിലുള്ള ഫെൽഡ്മാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം എക്യൂമെനിക്കൽ കൗണ്‍സിൽ പ്രസിഡന്‍റ് റവ. ഏബ്രഹാം സ്കറിയ നിർവഹിച്ചു. തുടർന്നു നടന്ന ഗ്രൂപ്പ് സെമിഫൈനൽ മത്സരങ്ങളിൽ ഷിക്കാഗോ മാർത്തോമാ ടീം ക്നാനായ എ ടീമിനേയും, സീറോ മലബാർ ടീം ക്നാനായ ബി. ടീമിനേയും നേരിട്ടു. ഈ മത്സരങ്ങളിൽ ക്നാനായ എ ടീമും, ബി. ടീമും വിജയികളായി.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്‍റിൽ ഷിക്കാഗോ മാർത്തോമാ ജൂണിയർ ടീം ക്നാനായ ജൂണിയർ ടീമിനെ പരാജയപ്പെടുത്തി വിജയം കൈവരിച്ചു.
||
ഷിക്കാഗോയിലെ മുഴുവൻ കായിക പ്രേമികളേയുംകൊണ്ട് തിങ്ങിനിറഞ്ഞ ഗാലറികൾ ആർപ്പുവിളികൾകൊണ്ട് മത്സരത്തിന്‍റെ ആവേശം വാനോളമുയർത്തി. എക്യൂമെനിക്കൽ കൗണ്‍സിൽ വൈദീകരും, അംഗങ്ങളും മത്സരത്തിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വോളിബോൾ ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചത് ഫാ. ബാബു മഠത്തിൽപറന്പിൽ (ചെയർമാൻ), രഞ്ജൻ ഏബ്രഹാം (ജനറൽ കണ്‍വീനർ), കണ്‍വീനർമാരായ പ്രവീണ്‍ തോമസ്, ബെഞ്ചമിൻ തോമസ്, ജോജോ ജോർജ്, ജയിംസ് പുത്തൻപുരയിൽ, ബിജു ജോർജ് എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റിയായിരുന്നു.

15 സഭാ വിഭാഗങ്ങളിലെ ദേവാലയങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഷിക്കാഗോയിലെ എക്യൂമെനിക്കൽ കൗണ്‍സിലിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്‍റ്), ഫാ. മാത്യൂസ് ജോർജ് (വൈസ് പ്രസിഡന്‍റ്), ഗ്ലാഡ്സണ്‍ വർഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടൻ (ട്രഷറർ), ടീനാ തോമസ് (ജോയിന്‍റ് സെക്രട്ടറി) എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം