മേളം തീർക്കാൻ ഇനി കുരുന്നുകൾ....
Wednesday, July 26, 2017 6:50 AM IST
മയാമി: കേരളീയ മേളവാദ്യങ്ങളിലെ ഏറ്റം പ്രധാനപ്പെട്ട വാദ്യഉപകരണമാണ് ചെണ്ട. ഇടിമുഴക്കത്തിന്‍റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്‍റെ ശബ്ദവീചികൾ വരെ ഉതിർക്കുവാൻ കഴിയുന്ന ഈ അസുരവാദ്യം മലയാളികൾ എന്നും ഏറെ ഇഷ്ടപ്പെടുന്നു.

കേരളത്തിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും ആഘോഷങ്ങളിലും മാത്രമല്ല, നാടൻ കലാരൂപങ്ങളിലും കഥകളിയിലും ഒഴിച്ചുകൂടാനാവാത്ത ഈ വാദ്യഉപകരണം മലയാളി മനസിൽ എന്നും പൂരങ്ങളുടെ ആരവമുണർത്തി ചേക്കേറിയപ്പോൾ അമേരിക്കൻ മലയാളികൾ ഇത്രമാത്രം നെഞ്ചിലേറ്റിയ രണ്ടാം തലമുറയിലേക്ക് കൊട്ടിക്കയറുകയാണ്.

ജാതി, മത, വർഗ്ഗ, ഭേദമന്യേ ചെണ്ടയെ സ്നേഹിക്കുന്ന വനിതകളെയും യുവജനങ്ങളെയും പുരുഷ ന്മാരെയും അണിചേർത്ത് ജോസ്മാൻ കരേടിന്‍റെ ശിക്ഷണത്തിൽ കണ്‍വൻഷന്‍റെ ഉദ്ഘാടനദിനം അമേരിക്കയിൽ ആദ്യമായി നൂറ്റിയൊന്ന് മലയാളികൾ ചെണ്ടയിൽ പെരുക്കം തീർത്തപ്പോൾ, മയാമിയിൽ പൂരത്തിന്‍റെ ഒരു തനി ആവർത്തനം രചിയ്ക്കുകയായിരുന്നു.

കണ്‍വൻഷനു ശേഷം സൗത്ത് ഫ്ളോറിഡായിലെ ചെണ്ടയെ സ്നേഹിക്കുന്ന കലാകാര·ാർ ചേർന്ന് 'ഡ്രം ലൗവേഴ്സ് ഓഫ് ഫ്ളോറിഡ' എന്ന് പേരിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി. ഫ്ളോറിഡ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയാമി മുതൽ ജാക്സണ്‍വില്ല വരെയുള്ള മലയാളി സംഘടനകളുടെ പരിപാടികളിലും വിവിധ ദേവാലയ തിരുനാൾ ആഘോഷങ്ങളിലും മറ്റു വിവിധങ്ങളായ പരിപാടികളിലും കാണികൾക്ക് ആവേശം പകർന്ന് മേളം തീർത്തു വരുന്നു.

ഇപ്പോൾ പത്താം വാർഷികം ആഘോഷിക്കുന്പോൾ മറ്റൊരു ശ്രദ്ധേയമായ സംഭവത്തിനു കൂടി തുടക്കമായി. മലയാളികൾ മനസ്സിൽ താലോലിക്കുന്ന ഈ താളമേളത്തിന്‍റെ ആരോഹണ അവരോഹണ ധൃത ചലനങ്ങൾ വരുംതലമുറയിലേക്ക് പകർന്ന് കൊടുക്കുന്നതിനായി ഡ്രം ലൗവേഴ്സിന്‍റെ നേതൃത്വത്തിൽ ജാസ്മിൻ കരേടന്‍റെ ശിക്ഷണത്തിൽ 8 വയസിനും, 13 വയസിനും മദ്ധ്യേ പ്രായമുള്ള ഇളംതലമുറയിലെ കുട്ടികൾക്ക് ചെണ്ട പരിശീലനത്തിനുള്ള ക്ലാസുകൾ ആരംഭിച്ചു.
||
സേവി നഗരത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിൽ ഈ കലാഉപാസനയുടെ ആദ്യപാഠത്തിന്‍റെ തിരി തെളിച്ച് അനുഗ്രഹിച്ചത്. സുപ്രസിദ്ധ കർണ്ണാടിക് സംഗീതജ്ഞനും 'പാടുംപാതിരി' എന്നു വിശേഷിപ്പിക്കുന്ന റവ. ഡോ. പോൾ പൂവത്തിങ്കലാണ്.

സൗത്ത് ഫ്ളോറിഡായിലെ ചെണ്ട വാദ്യമേളങ്ങളുടെ നെടുനായകത്വം വഹിക്കുന്ന ജോസ്മാൻ കരേടന്‍റെ സേവനങ്ങളെ ഡ്രം ലൗവേഴ്സും, മലയാളി സമൂഹവും ആദരിച്ചുകൊണ്ട് പരിപാടികളുടെ മുഖ്യാതിഥിയായ റവ. ഡോ. പോൾ പൂവത്തിങ്കൽ പൊന്നാട അണിയിച്ചപ്പോൾ മലയാളി സമൂഹത്തിന്‍റെ ആശംസകൾ അർപ്പിച്ചുകൊണ്ട് ജോയികുറ്റിയാനി സംസാരിച്ചു.

തുടർന്ന് ഡ്രം ലൗവേഴ്സിന്‍റെ ആഭിമുഖ്യത്തിൽ ഗാനമേളയും കപ്പിൾ ഡാൻസും മാജിക് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറി. ജോണ്‍ തോമസ് സ്വാഗതവും നോയൽ മാത്യും കൃതജ്ഞതയും അർപ്പിച്ചപ്പോൾ റോബിൻസണും വാണി മുരളിയും എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം