സഹജീവന് തുണയേകാൻ വൃക്ക നൽകി രേഖയുടെ മഹാദാനം
Wednesday, July 26, 2017 7:02 AM IST
ന്യൂയോർക്ക്: ഫോമയുടെ നാഷണൽ കമ്മറ്റി മെന്പറും വിമൻസ് ഫോറം സെക്രട്ടറിയുമായ രേഖ നായർ ഇന്ന് അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല, അവയവ ദാനം ചൈതന്യവക്താക്കുന്ന ലോകത്തെ സുമനസുകൾക്കും കൂടി മഹത്തായ മാതൃകയും ജീവസ്സുറ്റ പ്രതീകവുമായി മാറിയിരിക്കുന്നു. നേരിട്ട് പരിചയമില്ലാതിരുന്നിട്ടും താൻ ജീവിക്കുന്ന കർമഭൂമിയിലെ ഒരു സഹോദരിയുടെ ജീവന് തുടിപ്പേകാൻ രേഖ സ്വന്തം വൃക്ക നൽകി മാനവികതയ്ക്ക് സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും മറ്റൊരർത്ഥം കൽപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ 11ന് ന്യൂജേഴ്സിയിലെ ലിവിംഗ്സ്റ്റണിലുള്ള സെന്‍റ് ബർണബാസ് ആശുപത്രിയിൽ വച്ചായിരുന്നു അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ സഹജീവി സ്നേഹ ചരിത്രത്തിൽ ഇടം പിടിച്ച ശസ്ത്രക്രിയ നടന്നത്. ന്യൂയോർക്കിൽ താമസിക്കുന്ന രേഖ നായർ, ന്യൂജേഴ്സിയിൽ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ഉദ്യോഗസ്ഥയായ ദീപ്തി നായർ എന്ന 35കാരിക്കാണ് വൃക്ക ദാനം ചെയ്തത്. കലാപ്രതിഭകൾ എന്ന നിലയിൽ പല വേദികളിൽ വച്ചു കണ്ടിട്ടുള്ള പരിചയം മാത്രമേ ദീപ്തിയും രേഖയും തമ്മിലുള്ളൂ. ന്യൂയോർക്ക് സ്റ്റേറ്റ് ഹൗസിംഗ് ഡിപ്പാർട്ട്മെന്‍റിൽ സീനിയർ ഡാറ്റാ അനലിസ്റ്റായ രേഖയും വൃക്ക സ്വീകരിച്ച ദീപ്തിയും ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് ഉൗർജ്വസ്വലതയോടെ മടങ്ങി വരുന്നു.

രേഖ നായർ പറയുന്നതിങ്ങനെ: നന്നായി പാട്ടുപാടുകയും ഡാൻസ് കളിക്കുകയും ഒക്കെ ചെയ്യുന്ന ദീപ്തിയെ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. കിഡ്നി തകരാറിലായിരിക്കുന്പോഴും ദീപ്തി വേദികളിൽ നന്നായി അവതരിപ്പിക്കുമായിരുന്നു. താനൊരു അസുഖക്കാരിയാണെന്ന രീതിയിലായിരുന്നില്ല ദീപ്തിയുടെ പ്രകടനങ്ങൾ. പിന്നീടാണ് ഞാൻ രോഗവിവരം അറിയുന്നത്. ഡയാലിസിസിലൂടെയായിരുന്നു ദീപ്തിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന കാര്യമല്ലേ, വൃക്ക നൽകാൻ ഞാൻ മനസാ തീരുമാനിച്ചു.

ഏതാനും മാസത്തേയ്ക്ക് വിവരമൊന്നും കിട്ടാതായപ്പോൾ കാര്യങ്ങളെന്തായി എന്ന് ഞാൻ ദീപ്തിയോട് ചോദിച്ചു. ആരും തയ്യാറായി വന്നിട്ടില്ല എന്നായിരുന്നു മറുപടി. എന്‍റെ സന്നദ്ധത ഞാൻ വീണ്ടും വെളിപ്പെടുത്തി. ദീപ്തിയും കുടുംബവും സമ്മതിച്ചു. ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ആശുപത്രി നിയമാവലികൾ പൂർത്തിയാക്കി. പിന്നെ പരിശോധനകൾക്കായി ആശുപത്രി അധികൃതർ വിളിപ്പിച്ചു. ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ പോസിറ്റീവായ റിസൽറ്റാണുണ്ടായത്. കിഡ്നി നല്ല മാച്ചാണെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ന്യൂയോർക്ക് റോക്ക്ലാൻഡ് കൗണ്ടിയിലെ പൊമോണയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് പോരുകയായിരുന്നു.

തൊടുപുഴ സ്വദേശി രാമചന്ദ്രൻ, കോട്ടയം സ്വദേശിനി ദേവകി എന്നിവരുടെ മകളാണ് രേഖാ നായർ. വൃക്ക ദാനം ചെയ്യാനുള്ള തീരുമാനം രേഖയുടേത് മാത്രമായിരുന്നു. എന്നാൽ ഈ തീരുമാനം കേട്ടപ്പോൾ മാതാപിതാക്കൾക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ രേഖയുടെ നിശ്ചയദാർഢ്യത്തിനു മുന്പിൽ അവർ മൗനസമ്മതം നൽകുകയായിരുന്നു.

സ്വന്തം വൃക്ക നൽകി ഈ കർമത്തിന്‍റെ മഹത്വത്തെ പറ്റി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങളിൽ പ്രാർത്ഥനാ മന്ത്രങ്ങളോടെ പ്രഭാഷണങ്ങൾ നടത്തി വരുന്ന ചിറമ്മേൽ അച്ചന്‍റെ വഴിയിലൂടെയാണ് രേഖാ നായരും സഞ്ചരിക്കുന്നത്. വൃക്ക ദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എവിടെയും സംസാരിക്കാൻ തന്‍റെ എളിയ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് രേഖാ നായർ ഉറപ്പു നൽകുന്നു. അതിനായി ഫോമയുടെ വിശാലമായ വഴി രേഖയ്ക്കായി തുറന്നു കിടക്കുന്നു. തനിക്ക് രണ്ടാം ജ·ം നൽകിയ രേഖയുടെ സഹനത്തിന് നന്ദി പറയുവാൻ ദീപ്തിക്ക് വാക്കുകളില്ല.

ന്യൂയോർക്കിൽ ജനിച്ചു വളർന്ന രേഖാനായർ മൗണ്ട് വെർനോൻ ഹൈസ്ക്കൂളിലാണ് പഠിച്ചത്. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിസിനസ്സിൽ ബിരുദവും എച്ച് ആർ മാനേജ്മെന്‍റിൽ മാസ്റ്റർ ബിരുദവും സ്വന്തമാക്കി. മികച്ച നർത്തകി കൂടിയായ രേഖ ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി തുടങ്ങിയവയിലും തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ കലാകേന്ദ്ര എന്ന പേരിൽ ഡാൻസ് സ്ക്കൂളും രേഖ നടത്തുന്നുണ്ട്. ആറു വയസുള്ള ദേവി, മൂന്നു വയസുകാരൻ സൂര്യ എന്നിവരാണ് രേഖ-നിഷാന്ത് ദന്പതികളുടെ മക്കൾ. നൃത്തത്തിലും സംഗീതത്തിലും എന്ന പോലെ ദൃശ്യ മാധ്യമ രംഗത്തും തിളങ്ങുന്ന വനിതയാണ് രേഖയുടെ സ്നേഹമറിഞ്ഞ കുടുംബിനി ദീപ്തി നായർ.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്