തോമസ് റ്റി ഉമ്മൻ ഫോമ വൈസ് പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കുന്നു
Wednesday, July 26, 2017 11:54 PM IST
ന്യൂയോർക്ക്: ഫോമായുടെ വൈസ് പ്രസിഡന്‍റ് പദത്തിലേക്ക് മുതിർന്ന അമേരിക്കൻ മലയാളിയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാവും സംഘാടകനുമായ തോമസ് ടി ഉമ്മൻ മത്സരിക്കുന്നു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ കേരള ചാപ്റ്റർ നാഷണൽ ചെയർമാൻ ഉൾപ്പെടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഇദ്ദേഹം ഇപ്പോൾ ഫോമായുടെ പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാനാണ്.

ഫോമയുടെ മുതിർന്ന നേതാക്കളുടെയും അംഗസംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും താത്പര്യവും പിന്തുണയും മാനിച്ചാണ് താൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്നതെന്ന് തോമസ് ടി ഉമ്മൻ പറഞ്ഞു. ഫോമ, അമേരിക്കൻ മലയാളികൾക്ക് നൽകിയ കിടയറ്റ സംഭാവനയാണ് പൊളിറ്റിക്കൽ ഫോറം. അതിന്‍റെ സാരഥ്യം സ്തുത്യർഹമാം വിധം നിർവഹിക്കുന്ന തോമസ് ടി ഉമ്മൻ നാഷണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കെത്തുന്നത് അഭിലഷണീയവും ഉചിതവുമാണെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയിൽ എഴുപതുകളിൽ എത്തിയ തോമസ് റ്റി ഉമ്മൻ ന്യൂയോർക്ക് സ്റ്റേറ്റിന്‍റെ ബിസിനസ് മേഖലയിൽ നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റിന്‍റെ കോണ്‍ട്രാക്ടുകളുടെ കണ്‍സൾട്ടന്‍റായി പ്രവർത്തിക്കുകയും ചെയ്തു. ലോങ് ഐലന്‍റ് മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം കർമഭൂമിയിലെ തന്‍റെ സംഘടനാ പ്രവർത്തനങ്ങൾക്ക് അസ്ഥിവാരമിട്ടത്. ലിംകയുടെ സ്ഥാപക പ്രസിഡന്‍റായി രണ്ടു വർഷം വിജയകരമായ പരിപാടികളിലൂന്നി പ്രവർത്തിച്ചു. മലയാളമറിയാത്ത കുട്ടികൾക്ക് പബ്ളിക് ലൈബ്രറിയിൽ മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി.

അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ മുഖ്യധാരയിൽ സജീവമായി പ്രവർത്തിക്കുന്ന തോമസ് റ്റി ഉമ്മൻ ഓ.സി.ഐ കാർഡ്, പാസ്പോർട്ട് സറണ്ടർ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യാ ഗവണ്‍മെന്‍റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങൾ എടുപ്പിച്ചു. ഇതുസംബന്ധിച്ച് 2010ൽ നടത്തിയ പ്രതിഷേധം സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുകയും പ്രസ്തുത വിഷയങ്ങളിൽ അമേരിക്കൻ മലയാളികൾ ഉൾപ്പെയെയുള്ളവർക്ക് അനുകൂലമായ ചില തിരുത്തലുകൾ നടത്തുകയും ചെയ്തു.

തിരുവല്ലയിലെ പുരാതനമായ തോട്ടത്തിൽ കുടുംബാംഗമായ തോമസ് റ്റി ഉമ്മൻ അറുപതുകളിൽ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്‍റെ പ്രസിഡന്‍റായിരുന്നു. സോഷ്യൽ സർവീസ് ലീഗിലും സജീവമായി പ്രവർത്തിച്ചു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഉൗർജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടിൽ ട്രേഡ് യൂണിയൻ രംഗത്തും തൊഴിൽ സൗഹൃദത്തിന്‍റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.