ഫീനിക്സ് വിശുദ്ധ പെറിഗ്രിനിന്‍റെ തീർത്ഥാടനാലയം ശാലോം പ്രവർത്തകർ സന്ദർശിച്ചു
Thursday, July 27, 2017 7:35 AM IST
ഫീനിക്സ്: കാൻസർ രോഗികളുടെ പ്രത്യേകമധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വി. പെറിഗ്രിനിന്‍റെ തീർത്ഥാടനകേന്ദ്രം ശാലോം പീസ് ഫെലോഷിപ്പ് പ്രവത്തകർ സന്ദർശിച്ചു.

ലോകമെന്പാടുമുള്ള കാൻസർ രോഗികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തിയ തീർത്ഥാടനം ശാലോം സ്പിരിച്യൽ ഡയറക്ടർ റവ. ഡോ. റോയി പാലാട്ടി നയിച്ചു. ഇറ്റലിയിൽ ജീവിച്ചു മരിച്ച പെറിഗ്രിനിന്‍റെ കാൽമുട്ടിൽ ബാധിച്ച കാൻസർരോഗം സർജറിയുടെ തലേരാത്രിയിൽ ദൈവം അത്ഭുതകരമായി സുഖപ്പെടുത്തുകയാണുണ്ടായത്. 1726ൽ കത്തോലിക്കാ സഭ പെറിഗ്രിനെ വിശുദ്ധ പദിവിയിലേക്ക് ഉയർത്തുകയുണ്ടായി.

വി. പെറിഗ്രിനോട് മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിച്ച നിരവധി കാൻസർ രോഗികൾ അത്ഭുതകരമായി സഖ്യം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അരിസോണ ഫീനിക്സിൽ നിന്നു അധികം അകലെയല്ലാതെ മേസ്സ എന്ന ചെറുപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന തീർത്ഥാടനാലയത്തിൽ വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനും ദിവ്യകാരുണ്യാരാധനയിൽ പങ്കുചേരുന്നതിനും രോഗികൾക്കും അവരുടെ ശുശ്രൂഷകർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മേസ്സയിലെ ക്രിസ്തുരാജ ദേവാലയത്തിന്‍റെ മേൽനോട്ടത്തിലുള്ള തീർത്ഥാടനാലയത്തിൽ കത്തോലിക്കർക്ക് പുറമെ നിരവധി മറ്റു ക്രൈസ്തവരുമെത്തി പ്രാർത്ഥിച്ചു അത്ഭുതകരമായ സൗഖ്യം പ്രാപിക്കുന്നു. തീർത്ഥാടനാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്‍ ഫോണ്‍ നന്പർ: 480 844 4493

റിപ്പോർട്ട്: മാത്യു ജോസ്