കോണ്‍ഫറൻസ് കുട്ടികൾക്ക് ഉൽസവമായി
Thursday, July 27, 2017 7:43 AM IST
ന്യൂയോർക്ക്: കലഹാരി കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 12 മുതൽ 15 വരെ നടന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിൽ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ പ്രായത്തിനും ഇഷ്ടത്തിനും ഇണങ്ങുന്നവിധം പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തു എന്നത് ഈ കോണ്‍ഫറൻസിന്‍റെ പ്രത്യേകതയായിരുന്നു. സണ്‍ഡേ സ്കൂൾ, എംജിഒസിഎസ്എം, യൂത്ത്, ഫോക്കസ്, വനിതാസമാജം,, ബസ്കിയാമ്മ ഗ്രൂപ്പ്, ക്ലർജി ഇങ്ങനെ എല്ലാ സംഘടനകളുടെയും യോഗങ്ങളും കോണ്‍ഫറൻസിനെ സജീവമാക്കി.

കുട്ടികളെ നിയന്ത്രിക്കുന്നതും സജീവമാക്കി നിർത്തുന്നതും കോണ്‍ഫറൻസുകൾക്ക് പലപ്പോഴും ഏറെ ശ്രദ്ധ ചെലുത്തേണ്ടതായ കാര്യമാണെങ്കിലും ഈ കോണ്‍ഫറൻസിൽ കുട്ടികൾക്ക് അറിവും ആനന്ദവും നൽകുന്ന ഒട്ടനവധി പരിപാടികൾ നടത്താൻ കഴിഞ്ഞു. കുട്ടികളുടെ മിഡിൽ സ്കൂൾ സെഷനിൽ 10 മുതൽ 13 വയസ് വരെയുള്ള 70 വിദ്യാർഥികൾ പങ്കെടുത്തു. നാലു ഗ്രൂപ്പായി തിരിച്ച് ചിന്നു മാത്യൂസ്, ആൻസി വർഗീസ്, ജോമോൾ വർഗീസ്, ജോയ്സനാ എബി, അജു തര്യൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.

പൊതുസെഷനിൽ ഗീവറുഗീസ് വറുഗീസ് (ബോബി) ശെമ്മാശൻ മുഖ്യപ്രസംഗകനായിരുന്നു. കോണ്‍ഫറൻസിന്‍റെ മുഖ്യചിന്താവിഷയമായിരുന്ന ''അന്യോന്യം പ്രബോധിപ്പിക്കുക, അന്യോന്യം ശാക്തീകരിക്കുക'' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ഗ്രഹിക്കുന്ന വിധത്തിൽ ശെമ്മാശൻ ക്ലാസെടുത്തു.
||
കുറെ പ്ലാസ്റ്റിക് കപ്പുകൾ കുട്ടികൾക്ക് നൽകിയിട്ട് ഒരു ഗോപുരം ഉണ്ടാക്കാൻ ശെമ്മാശൻ ആവശ്യപ്പെട്ടു. എല്ലാവരും ചേർന്ന് പലവിധത്തിൽ ശ്രമിച്ചുനോക്കിയെങ്കിലും മൊത്തത്തിലുണ്ടായ ആശയക്കുഴപ്പം കൊണ്ട് ഗോപുര നിർമാണം സാധ്യമായില്ല. ബാബേൽ ഗോപുരം പണിതപ്പോഴും ഇതു തന്നെയായിരുന്നു സംഭവിച്ചതെന്ന് ശെമ്മാശൻ പറഞ്ഞു. ആശയവിനിമയത്തിലെ കുഴപ്പമാണ് അവിടെയും സംഭവിച്ചത്. അതുകൊണ്ട് ഏതു പ്രവർത്തിയും വിജയകരമാകണമെങ്കിൽ നാം പരസ്പരം പ്രബോധിപ്പിക്കണമെന്ന് ശെമ്മാശൻ പറഞ്ഞു. പ്രായോഗിക ഉദാഹരണത്തിലൂടെ വ്യക്തമാക്കിയപ്പോൾ കുട്ടികൾക്ക് കോണ്‍ഫറൻസ് തീമിന്‍റെ അർഥവും ആഴവും ബോധ്യമായി.

പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയുന്പോൾ പരസ്പരം പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോബി ശെമ്മാശൻ വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.എലിമെന്‍ററി വിഭാഗത്തിൽ അൻസാ തോമസും മിഡിൽ സ്കൂൾ വിഭാഗത്തിൽ അജു തര്യനുമായിരുന്നു കരിക്കുലം ചെയർപേഴ്സൻസ്.

റിപ്പോർട്ട്: വറുഗീസ് പോത്താനിക്കാട്