അമേരിക്കൻ നായർ സംഗമം ശനിയാഴ്ച തിരുവനന്തരത്ത്
Thursday, July 27, 2017 7:45 AM IST
തിരുവനന്തപുരം: പ്രഥമ അമേരിക്കൻ നായർ സമ്മേളനം ശനിയാഴ്ച തിരുവനന്തപുരത്ത്് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. റസിഡൻസി ടവർ ഹോട്ടലിൽ നടക്കുന്ന സമ്മേളനം വൈകിട്ട് 5.30ന് അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി ഉദ്ഘാടനം ചെയ്യും. കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി എംപി നിർവഹിക്കും. എൻ.എസ്.എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്‍റ്് എംഎൻസി. നായർ മുഖ്യപ്രഭാഷണം നടത്തും.

നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ പ്രസിഡന്‍റും നായർ സംഗമത്തിന്‍റെ ചെയർമാനുമായ രാജേഷ്നായർ അധ്യക്ഷം വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ എന്നിവർ സംസാരിക്കും . മാധവൻ ബി നായർ സ്വാഗതവും അഡ്വ. ചന്ദ്ര ചൂഡൻ നന്ദിയും പറയും.

ന്യൂയോർക്ക്, ഷിക്കാഗോ, കാലിഫോർണിയ, ടൊറോന്‍റോ, ഹ്യൂസ്റ്റണ്‍, ഡാളസ്, പെൻസിൽവാനിയ, ന്യൂ ജേഴ്സി, വാഷിംഗ്ടണ്‍, ഡെലവെയെർ എന്നീ സ്ഥലങ്ങളിൽ എൻഎസ്എസ്. പ്രവർത്തനം വളരെ നല്ല രീതിയിൽ പുരോഗമിക്കുന്നു. അമേരിക്കയിൽ പ്രവർത്തിക്കുന്ന നായർ സർവീസ് സൊസൈറ്റികളുടെ ഒട്ടുമിക്ക പരിപാടികളും പല വിഭാഗം ജനങ്ങൾക്കും പ്രയോജനം ചെയ്യുന്നവയാണ്. മലയാളം ക്ലാസ്സുകളിൽ എല്ലാ ജാതി മത വിഭാഗത്തിൽപെട്ട കുട്ടികളും പഠിക്കാനെത്തുന്നുണ്ട്. ഓണം, വിഷു തുടങ്ങിയ ആഘോഷ പരിപാടികളിലും ഇന്ത്യൻ വംശജരല്ലാത്തവരും പങ്കെടുക്കാറുണ്ട്.

അമേരിക്കയിലെ നഗരസഭകളും ഇന്ത്യൻ കോണ്‍സുലേറ്റും മറ്റു അമേരിക്കൻ ഇന്ത്യൻ സംഘടനകളോടും ഒപ്പം ചേർന്നും ജനങ്ങൾക്കു പ്രയോജനകരമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പല അമേരിക്കൻ നഗരങ്ങളിലും കമ്മ്യൂണിറ്റി സെന്‍ററുകളും അന്പലങ്ങളും നടത്തുന്നുണ്ട്. പ്രാദേശികമായി കലാകാരമാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നത് കൂടാതെ കേരളത്തിൽ നിന്നുള്ള കലാപ്രതിഭകൾക്കും സമിതികൾക്കും അമേരിക്കയിൽ വന്നു പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നു.

നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയ പ്രസിഡന്‍റ് രാജേഷ് നായർ, ന്യൂയോർക്ക് നായർ ബെനിവാലന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് കരുണാകൻ പിള്ള, മുൻ പ്രസിഡന്‍റ് അപ്പുക്കുട്ടൻ പിള്ള, എൻ.എസ്എസ് കാനഡ എക്സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂജേഴ്സി നായർ മഹാമണ്ഡലം ചെയർമാൻ മാധവൻ നായർ എന്നിവരടങ്ങിയതാണ് അമേരിക്കൻ നായർ സംഗമത്തിന്‍റെ മുഖ്യ സംഘാടക സമിതി. എംഎൻസി നായർ, രാജേഷ് നായർ, അപ്പുക്കുട്ടൻ പിള്ള, രാജി നായർ, രാജി അപ്പുകുട്ടൻപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ പി.