ഭിന്നലിംഗക്കാരെ അമേരിക്കൻ സേനയിൽ വേണ്ടെന്ന് ട്രംപ്
Thursday, July 27, 2017 7:53 AM IST
വാഷിംഗ്ടണ്‍: അമേരിക്കയുടെ മിലിട്ടറി സേവനത്തിന് ഇനിമുതൽ ഭിന്നലിംഗക്കാരെ സ്വീകരിക്കുകയില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ജൂലൈ 26 ബുധനാഴ്ചയാണ് ട്രംപ് ചരിത്രപ്രധാന്യമുള്ള പ്രഖ്യാപനം നടത്തിയത്.

അമേരിക്കൻ സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ട്വീറ്ററിൽ ട്രംപ് പോസ്റ്റു ചെയ്തു. ഭിന്നലിംഗക്കാരുടെ ഭാരിച്ച ചികിത്സാ ചെലവു സേനയ്ക്ക് വലിയ സാന്പത്തികബാധ്യത വരുത്തിവയ്ക്കുന്നതാണ്. ലിംഗമാറ്റ ശസ്ത്രക്രിയ, ഹോർമോണ്‍ തെറാപ്പി തുടങ്ങിയ ചികിത്സയ്ക്കുള്ള സാന്പത്തിക സഹായം നിർത്താൻ കണ്‍സർവേറ്റീസ് ഫ്രീഡം കോക്കസിലെ ചില അംഗങ്ങൾ ശക്തമായി വാദിച്ചിരുന്നു.

1.3 മില്യണ്‍ ആക്ടീവ് മിലിട്ടറി അംഗങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവർഷത്തെകണക്കനുസരിച്ച് 2450 ഭിന്നലിംഗക്കാരാണ് സജീവ മിലിട്ടറി സേവനത്തിലുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നു.ട്രംപിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കു വാദിക്കുന്നവർക്ക് ഞെട്ടലുളവാക്കി. സെനറ്റ് അംഗം സർവീസ് കമ്മിറ്റി ചെയർമാനും റിപ്പബ്ലിക്കൻ സെനറ്ററുമായ ജോണ്‍ മെക്കയ്ർ ട്രംപിന്‍റെ തീരുമാനത്തിൽ വിയോജിപ്പു പ്രകടിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ