എച്ച് വണ്‍ ബി വീസ: തെറ്റായ വിവരം നൽകിയ ഇന്ത്യൻ അമേരിക്കൻ വ്യവസായിക്ക് 40,000 ഡോളർ പിഴ
Saturday, August 12, 2017 8:21 AM IST
ന്യൂഹാംപ്ഷെയർ: എച്ച് വണ്‍ ബി വീസ അപേക്ഷയിൽ തെറ്റായ വിവരം നൽകിയ കുറ്റത്തിന് ഇന്ത്യൻ അമേരിക്കൻ വ്യവസായിക്ക് 40,000 ഡോളർ പിഴയും നല്ല നടപ്പിനും ശിക്ഷ വിധിച്ചു. ഫെഡറൽ കോടതിയുടേതാണ് ഉത്തരവ്.

മാഞ്ചസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാക്സ് ഐടി ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്‍റ് രോഹിത് സക്സേന എന്ന നാല്പത്തഞ്ചുകാരൻ വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് സമർപ്പിച്ച വീസ അപേക്ഷകളാണ് കോടതി കൃത്രിമമാണെന്ന് കണ്ടെത്തിയത്.

ഇന്‍റിപെന്‍റന്‍റ് കോണ്‍ട്രാക്ടർ എഗ്രിമെന്‍റ് വ്യാജമായി സൃഷ്ടിച്ചാണ് സക്സേന വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ശ്രമിച്ചത്. ഇതിൽ ചില അപേക്ഷകർക്ക് എച്ച് വണ്‍ ബി വീസ അനുവദിച്ചുവെങ്കിലും കൃത്രിമം പുറത്തായതോടെ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കുകയായിരുന്നുവെന്ന് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

വീസ അപേക്ഷകളിൽ ശരിയായ വിവരം നൽകിയില്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നുള്ള മുന്നറിയിപ്പാണ് ഈ വിധിയിലൂടെ വ്യക്തമാക്കപ്പെടുന്നത്. വീസ അപേക്ഷകൾ സസൂഷ്മം പരിശോധിച്ചതിനുശേഷം ആയിരിക്കണം പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ