ബങ്കായി കോണ്‍സുലേറ്റ് ആക്രമണം: ഹില്ലരിക്കെതിരെ അന്വേഷണം തുടരാൻ ഉത്തരവ്
Saturday, August 12, 2017 8:22 AM IST
വാഷിംഗ്ടണ്‍ ഡിസി: ബങ്കാസി യുഎസ് കോണ്‍സുലേറ്റിനുനേരെ 2012 ൽ നടന്ന ഭീകരാക്രമണത്തിൽ യുഎസ് അംബാസഡർ ക്രിസ് സ്റ്റീവൻസ് ഉൾപ്പെടെ നാല് അമേരിക്കക്കാർ മരിച്ച സംഭവത്തിൽ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി ക്ലിന്‍റിന്‍റെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരണമെന്ന് ഡിസി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അമിത് മേത്ത ഓഗസ്റ്റ് എട്ടിന് ഉത്തരവിട്ടു.

ഹില്ലരി ക്ലിന്‍റനും കൊല്ലപ്പെട്ട യുഎസ് അംബാസഡറും തമ്മിൽ നടത്തിയ ഈ മെയിലുകളെ കുറിച്ചുള്ള ശരിയായ രേഖകൾ പരിശോധിക്കുന്നതിന് ഏജൻസി പരാജയപ്പെട്ടതായി മേത്ത ചൂണ്ടിക്കാട്ടി. ഹില്ലരിയുടെ സഹായികളായ ഹുമ അബ്ദിൻ, മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജേക്കബ് ബുള്ളിവാൻ എന്നിവരുടെ ഒൗദ്യോഗിക ഇമെയിൽ സന്ദേശങ്ങളും അന്വേഷിച്ചത് തൃപ്തികരമല്ലെന്നും വിധിന്യായത്തിൽ മേത്ത ചൂണ്ടിക്കാട്ടി.

പുതിയ ഉത്തരവ് ബങ്കാസി സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് കൊണ്ടുവരുവാനും അതിൽ ഹില്ലരിയുടെ പങ്ക് എന്തായിരുന്നുവെന്നും വ്യക്തമാക്കുമെന്നും കരുതപ്പെടുന്നു. ബങ്കാസി ആക്രമണത്തിന്‍റെ അഞ്ചാം വാർഷികം സമാപിക്കുന്പോൾ പുതിയ ഉത്തരവ് രാഷ്ട്രീയ വൃത്തങ്ങളിൽ കൂടുതൽ ചർച്ചാ വിഷയമായിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ