സിലിക്കൻവാലിയിൽ കേരള ക്ലബ് കുക്ക് ഓഫ് 2017 'ബിരിയാണി ഫെസ്റ്റ്'
Monday, August 21, 2017 8:05 AM IST
സാൻഫ്രാൻസിസ്കോ: കേരളാ ക്ലബ് കാലിഫോർണിയ ഒരുക്കുന്ന തട്ടുകട 2017 'ബിരിയാണി ഫെസ്റ്റ്'ഒരുക്കങ്ങൾ തകൃതിയായി മുന്നേറുന്നു. ഓഗസ്റ്റ് 26 നു സണ്ണിവെയിലെ ബെലാൻഡ്സ് പാർക്കിൽ രാവിലെ 11 മുതൽ 2 വരെയാണ് കുക്ക്ഓഫ്.

കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പുട്ട് ഫെസ്റ്റിവൽ, കേക്ക് ആൻഡ് വൈൻ ഫെസ്റ്റിവൽ , പായസം കുക്ക്ഓഫ്, തട്ടുകട എന്നിവ വൻ വിജയമായിരുന്നു. ഈ വർഷം 'ബിരിയാണി ഫെസ്റ്റ് 2017' പരിപാടിയിൽ ഇരുപത്തിഅഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാർത്ഥികൾ വിവിധതരം ബിരിയാണികൾ കുക്ക് ചെയ്യും. റോയൽ ദം ബിരിയാണി, മീൻ ബിരിയാണി, കൊഞ്ചു ബിരിയാണി , മലബാർ ആട് ബിരിയാണി, മലബാർ ചിക്കൻ ബിരിയാണി, കോഴിക്കോടൻ ദം ബിരിയാണി പാലക്കാടൻ പച്ചക്കറി ബിരിയാണി, തിക്കോടി കല്ലുമ്മക്കായ ബിരിയാണി, തലശ്ശേരി കോഴി ബിരിയാണി തുടങ്ങി നിരവധി തരത്തിലുള്ള ബിരിയാണികൾ മത്സരത്തിനു ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓംലെറ്റ്, ചുക്ക് കാപ്പി, സംഭാരം, തട്ട് ദോശ എന്നിവ തട്ടുകട 2017 ന് മാറ്റുകൂട്ടും.

മസൂദ് വൈദ്യരകത് (പ്രോഗ്രാം കോർഡിനേറ്റർ), വിനയചന്ദ്രൻ (പ്രസിഡന്‍റ്), ജോസ് ജോസഫ്, സതീഷ് നന്പ്യാർ, തോമസ് തെക്കനേത്ത്, മനോജ് എന്പ്രാന്തിരി, മനോജ്. ടി.ൻ, ജോകുമാർ ജോസഫ്, സുരേഷ് കടവത്ത്, ജി ഗോപകുമാർ എന്നിവർ വിവിധ കാര്യക്രമങ്ങൾക്ക് പ്രവർത്തിക്കുന്നു

കേരളാ ക്ലബ് കാലിഫോർണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സാൻഫ്രാൻസിസ്കോ മലയാളികൾ അത്യുജ്വലമായ പ്രതികരണമാണ് നല്കുന്നതെന്ന് ഭാരവാഹികൾ് പറഞ്ഞു. പരിപാടിയില് പങ്കെടുക്കാനും, കേരള ക്ലബിന്‍റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സംഘടാകർ അഭ്യർത്ഥിക്കുന്നു.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ http://www.keralaclubca.org/biriyani-fest-2017.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം