കെഐച്ച്എൻഎ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു
Wednesday, August 23, 2017 7:55 AM IST
ന്യുയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന 90 കുട്ടികൾക്ക് ഈവർഷം 250 ഡോളർ വീതം സ്കോർഷിപ്പ് നൽകുമെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഷിബു ദിവാകരൻ, സ്കോളർഷിപ്പ് കമ്മിറ്റി ചെയർമാൻ പ്രൊ. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.

തുടർച്ചയായ 12ാം വർഷമാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിലെ കുട്ടികൾക്കായി സ്കോളർഷിപ്പ് നൽകുന്നത്. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന് കൂടുതൽ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയിൽ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്കോളർഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടിൽ ഒരു സേവന പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് കെഐച്ച്എൻഎ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സ്കോളർഷിപ്പ് പദ്ധതി വിജയിപ്പിക്കാൻ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. സന്മനസുകൾ പലരും സഹായിക്കുന്നതിലാണ് സ്കോളർഷിപ്പ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത് കേരളത്തിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് പ്രൊഫഷണൽ പഠനത്തിനായി ഏർപ്പെടുത്തിയ കഐച്ച്എൻഎ സ്കോളർഷിപ്പ് നാട്ടിൽ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. 350 ഓളം കുട്ടികൾക്ക് പഠന സഹായം നൽകാൻ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് അവർ പറഞ്ഞു. ഓഗസ്റ്റ്്് 26ന് തിരുവനന്തപരുത്ത് നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.

റിപ്പോർട്ട്: ശ്രീകുമാർ പി.