ഡാളസ് വെടിവയ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു
Monday, September 11, 2017 10:57 AM IST
പ്ലാനൊ(ഡാളസ്): ഡാളസിലെ പ്ലാനോയിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പിൽ ആയുധധാരി അടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. വെസ്റ്റ് സ്പ്രിംഗ് ക്രീക്ക് പാർക്ക് വെ 1700 ബ്ലോക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്ലാനൊ പോലീസ് ഡേവിഡ് ടില്ലി പറഞ്ഞു. വീടിനകത്ത് ഗുരുതരമായി പരിക്കേറ്റ് കിടന്ന രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും മരിച്ചവരെല്ലാവരും പ്രായപൂർത്തിയായവരാണെന്നും ഡേവിഡ് കൂട്ടിചേർത്തു.

ഡാളസ് കൗബോയ്സ് കളി കാണുന്നതിനിടയിലാണ് വെടിവയ്പുണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. വെടിവയ്പ് നടത്തിയ വ്യക്തിയും മരിച്ചവരും തമ്മിലുള്ള ബന്ധത്തെകുറിച്ചോ, വെടിവയ്പിനുണ്ടായ സാഹചര്യമോ വെളിപ്പെടുത്തുവാൻ പോലീസ് തയാറായില്ല. അന്വേഷണം ഉൗർജിതപ്പെടുത്തിയതായും വീടും പരിസരവും പോലീസ് വളഞ്ഞിരിക്കുകയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ