മിസ് അമേരിക്ക കിരീടം കാര മുണ്ടിന്
Monday, September 11, 2017 10:57 AM IST
ന്യൂജേഴ്സി: മിസ് അമേരിക്ക 2018 കിരീടം കാര മുണ്ടിന്. അറ്റ്ലാന്‍റിക്ക് സിറ്റിയിൽ സെപ്റ്റംബർ 10ന് നടന്ന മത്സരത്തിൽ അന്പതോളം മത്സരാർഥികളെ പിന്തള്ളിയാണ് നോർത്ത് സക്കോട്ടായിൽ നിന്നുള്ള കാര മണ്ട് കിരീടവും 50,000 ഡോളർ സ്കോളർഷിപ്പും സ്വന്തമാക്കിയത്. അർക്കൻസാസിൽ നിന്നുള്ള 2017 ലെ മിസ് അമേരിക്ക സാവിഷീൽഡ് മിസ് കാര മുണ്ടയെ കിരീടമണിയിച്ചു.

നിരവധി കടന്പകൾ കടന്നാണ് കാര ജഡ്ജിമാരുടെ ഐക്യകണ്ഠേനയുള്ള തെരഞ്ഞെടുപ്പിന് അർഹയായത്. അഭിമുഖത്തിൽ കാലാവസ്ഥ കരാറിൽ നിന്നും അമേരിക്ക പിൻവാങ്ങിയതു തെറ്റാണെന്ന് ജഡ്ജിമാരുടെ ചോദ്യത്തിന് കാര മറുപടി നൽകി. കാലാവസ്ഥ വ്യതിയാനം ഒരു യാഥാർഥ്യമാണെന്നും കാര പറഞ്ഞു. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത കാര (23) യൂണിവേഴ്സിറ്റി ഓഫ് നോർട്ടഡാമിൽ ലോ സ്കൂൾ വിദ്യാർഥിയാണ്.

ഫസ്റ്റ് റണ്ണർ അപ്പായി മിസ് മിസൗറി ജനിഫർ ഡേവിഡും സെക്കന്‍റ് റണ്ണർ അപ്പായി മിസ് ന്യൂജേഴ്സി കെയ്റ്റലിനും തേഡ് റണ്ണർ അപ്പായി മിസ് ഡിസ്ട്രിക്റ്റ് ഓഫ് കൊളന്പിയ ബ്രിയാനയും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ