ഹൂസ്റ്റണിൽ പി.സി. ജോർജിന് പൗരസ്വീകരണം 12 ന്
Monday, September 11, 2017 11:04 AM IST
ഹൂസ്റ്റണ്‍: ഹാർവി കൊടുങ്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിൽ ദുരിതമനുഭവിച്ചവരുടെ വേദനയിൽ പങ്കുചേരാനെത്തുന്ന പി.സി. ജോർജിന് ഹൂസ്റ്റണ്‍ മലയാളികൾ പൗരസ്വീകരണം നൽകുന്നു.

സെപ്റ്റംബർ 12ന് (ചൊവ്വ) വൈകുന്നേരം ഏഴിന് സ്റ്റാഫോർഡ് 605 ഡാളസ് അവന്യൂവിലെ ഓൾ സെയിന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിലാണ് സ്വീകരണ പരിപാടികൾ. ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് മധു കൊട്ടാരക്കര എന്നിവർ മുഖ്യാതിഥികളായിരിക്കും.

യാത്രാ സൗകര്യം ഇല്ലാത്തതുകൊണ്ടുമാത്രമാണ് മുൻ നിശ്ചയിച്ച പ്രകാരം ഹൂസ്റ്റണിൽ എത്താൻ കഴിയാതിരുന്നതും അവിടുത്തെ ആറ് പരിപാടികൾ റദ്ദാക്കാനും കാരണം. എത്തിപ്പെടാൻ വല്ല മാർഗവും ഉണ്ടായിരുന്നെങ്കിൽ കൊടുങ്കാറ്റിനിടയിലൂടെ ഞാൻ ഹൂസ്റ്റണിലെത്തിയേനേ - കൊടുങ്കാറ്റിന്‍റെ ഭീകരാവസ്ഥയിൽ ന്യൂയോർക്കിലുണ്ടായിരുന്ന പി.സി. ജോർജ് പറഞ്ഞിരുന്നു. ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹവും മലയാളികളും ഹാർവി കൊടുങ്കാറ്റിന്‍റെ ദുരിതമനുഭവിച്ചതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

ഹാർവിയുടെ നരകയാതനയിൽ നിന്ന് ഹൂസ്റ്റണ്‍ നഗരം പതിയെ മോചിതമായിക്കൊണ്ടിരിക്കുന്നു. കൊടിയകാറ്റും പേമാരിയും തീർത്ത വൻ പ്രളയക്കെടുതിയിൽ മരണത്തെ മുഖാമുഖം കണ്ട മലയാളി സമൂഹത്തിന്‍റെ ഞെട്ടൽ ഒരു ദുസ്വപ്നം പോലെ വിട്ടകലുന്നുമില്ല. കൊടുങ്കാറ്റിനു ശേഷം ഹൂസ്റ്റണ്‍ മലയാളികളോട് സംവദിക്കാനെത്തുന്ന പൂഞ്ഞാറിന്‍റെ ജനപ്രതിനിധിക്ക് ഒരുക്കുന്ന സ്വീകരണത്തിൽ ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഡോ. സാം ജോസഫ്832 441 5085, തോമസ് ചെറുകര 832 641 3512, ഫിലിപ്പ് കൊച്ചുമ്മൻ 713 204 4125, സെബാസ്റ്റ്യൻ പാലാ 919 482 0766.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്